ഓണസമ്മാനമായി തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പണം നല്‍കിയെന്ന വിഷയത്തില്‍ പരാതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തിന്റെ പരിശോധന തടസ്സപ്പെട്ടു.

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയതിനു പിന്നാലെ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്‍ ഓഫീസ് പൂട്ടി മടങ്ങി. രാത്രി വൈകിയും ചെയര്‍പേഴ്‌സന്റെ ഓഫീസ് തുറക്കാന്‍ വിജിലന്‍സ് സംഘത്തിനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നിരവധി തവണ ചെയര്‍പേഴ്‌സണിനെ ഫോണ്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. പണം നല്‍കിയോയെന്നതിന് സി സി ടി വി ദൃശ്യങ്ങള്‍ നിര്‍ണായക തെളിവാണ്. ഇത് പരിശോധിക്കണമെങ്കില്‍ ചെയര്‍പേഴ്‌സന്റെ ഓഫീസില്‍നിന്ന് ഹാര്‍ഡ് ഡിസ്‌ക് എടുക്കേണ്ടതുണ്ട്. മുനിസിപ്പാലിറ്റി ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്. പണക്കിഴി വിവാദത്തിനു ശേഷം തൃക്കാക്കര നഗരസഭയില്‍ ചേര്‍ന്ന അടിയന്തര കൗണ്‍സിലിന്റെ യോഗത്തില്‍ നാടകീയ രംഗങ്ങള്‍ ആണ് അരങ്ങേറിയത്. യോഗത്തിന് ഒരു മണിക്കൂര്‍ മുമ്ബ് ഹാളിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയ പ്രതിപക്ഷം മറ്റൊരു വാതില്‍ മുദ്രാവാക്യം വിളികളുമായി ഉപരോധിക്കുകയും ചെയ്തു.

നഗരസഭയുടെ പിന്‍വാതിലിലൂടെ എത്തിയ നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പനെ കൗണ്‍സില്‍ യോഗം നടക്കേണ്ട ഹാളിലേക്ക് കടത്തിവിടാതെ പ്രതിപക്ഷം പ്രതിഷേധിച്ചു.
ഇതോടെ യുഡിഎഫ് അംഗങ്ങള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മുറിയില്‍ കയറി. ഇവിടെ വെച്ച്‌ കൗണ്‍സില്‍ യോഗം ചേര്‍ന്നുവെന്ന് നഗരസഭാ അധ്യക്ഷ അജിത അവകാശപ്പെട്ടു. എന്നാല്‍ സെക്രട്ടറി യോഗത്തിനെത്തിയിരുന്നില്ല.

ചട്ടപ്രകാരം സെക്രട്ടറി പകരം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ യോഗം നിയന്ത്രിച്ചെന്നാണ് നഗരസഭാ അധ്യക്ഷയുടെ അവകാശവാദം. പ്രതിപക്ഷത്തിന്റെ അഭ്യാസം തന്നോട് വേണ്ടന്ന് വെല്ലുവിളിയ്ക്കുകയും ചെയ്തു. പൊലീസ് സംരക്ഷണത്തിലാണ് നഗരസഭാ അധ്യക്ഷ എത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി ഭരണപക്ഷത്തിന്റെ പോലീസിന്റേയും സഹായത്തോടെ പുറത്തെത്തിയ അജിതാ തങ്കപ്പന്‍ ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തില്‍ സ്ഥലത്തു നിന്ന് പോകുകയും ചെയ്തു.

ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തതറിഞ്ഞ പ്രതിപക്ഷം കൗണ്‍സില്‍ ഹാളില്‍ യോഗം ചേര്‍ന്ന് അജണ്ട പാസാക്കിയതായി അറിയിച്ചു. നഗരസഭയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ സംരക്ഷിയ്ക്കുന്നതില്‍ നടപടിയെടുത്തില്ലെന്നാരോപിച്ച്‌ പ്രതിപക്ഷം തൃക്കാക്കര എ.സി.പി ഓഫീസിലേക്ക് മാര്‍ച്ചും നടത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക