മുംബൈയിൽ വീണ്ടും മഴയുടെ ദുരിതപ്പെയ്ത്ത്. വെള്ളിയാഴ്ച പുലർച്ചെ വലിയ തോതിൽ വെള്ളം പൊങ്ങിയതിന്റെ ദുരിതത്തിൽ നിന്നു കരകയറും മുൻപ് ശനിയാഴ്ച വൈകിട്ട് മുതൽ ഇന്നലെ രാവിലെ വരെ പെയ്ത തോരാമഴയിൽ വീണ്ടും വെള്ളപ്പൊക്കത്തിലേക്കു നീങ്ങുകയായിരുന്നു നഗരം. സയൺ, വഡാല, അന്ധേരി, സാന്താക്രൂസ്, ദാദർ, ഹിന്ദ്മാത, ഗാന്ധി മാർക്കറ്റ് എന്നിവയടക്കം താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം പൊങ്ങി. മിഠി നദിയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് സമീപ മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.

പലയിടങ്ങളിലും റോഡുകൾ മുങ്ങിയപ്പോൾ, ലോക്കൽ ട്രെയിൻ ഗതാഗതവും ഏതാനും ദീർഘദൂര ട്രെയിനുകളും റദ്ദാക്കി. ആശുപത്രിയിലേക്ക് അടക്കമുള്ള അത്യാവശ്യ യാത്രക്കാർ വലഞ്ഞു. മുംബൈ വിമാനത്താവളത്തിൽ ഇന്നലെ പുലർച്ചെ 12 ന് നിർത്തിവച്ച വിമാന സർവീസ് രാവിലെ 5.24ന് പുനരാരംഭിച്ചെങ്കിലും മഴയെയും വെള്ളക്കെട്ടിനെയും തുടർന്ന് വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാർ ദുരിതത്തിലായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വെള്ളക്കെട്ടിന് കാരണം അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾ?

മെട്രോയുടേതടക്കം പുരോഗമിക്കുന്ന അടിസ്ഥാന സൗകര്യ വികസനപ്രവർത്തനങ്ങളാണ് മുംബൈയിൽ ചെറിയ മഴയിൽപോലും വെള്ളക്കെട്ടിനു കാരണം. വലിയ മഴ പെയ്താൽ യാത്രയും വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി ജീവിതവും സ്തംഭിക്കുന്ന സ്ഥിതിയിലെത്തും. മെട്രോയ്ക്കായി നഗരത്തിലെ എല്ലാ കോണുകളിലും നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ജലമൊഴുക്കു തടസപ്പെടുത്തുകയാണ്. മുൻകാലങ്ങളിൽ വെള്ളക്കെട്ട് പതിവില്ലാതിരുന്ന മേഖലകളിൽപ്പോലും ഇന്നലെ വെള്ളം പൊങ്ങി.

മലയാളികൾ ഏറെയുള്ള വസായ് ഉൾപ്പെടുന്ന പാൽഘർ ജില്ലയിൽ തോരാതെ പെയ്ത മഴയിൽ ജനജീവിതം ദുസ്സഹമായി. താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിലും കടകളിലും വെള്ളം കയറി വൻ നാശനഷ്ടങ്ങൾ ഉണ്ടായി. വസായ് ഈസ്റ്റിൽ ദേശീയപാതയിലേക്കുള്ള പ്രധാന റോഡിൽ വെള്ളക്കെട്ട് മൂലം ഗതാഗത തടസ്സമുണ്ടായി. ടാക്ടറുകൾ എത്തിച്ച് ആണ് ഇരു ഭാഗങ്ങളിലേക്ക് ആളുകളെ കടത്തിവിട്ടത്. വെള്ളക്കെട്ട് മൂലം പത്രം, പാൽ വിതരണം മുടങ്ങി. നാലസൊപാരയിലെ ചേരികളിൽ മുട്ടൊപ്പം വെള്ളം കയറി. ഒട്ടേറെ ഫാക്ടറികളിലും വെള്ളം കയറി.

മലയോരങ്ങളിലെ നദീതടങ്ങളിൽ നിന്ന് മുന്നൂറിൽപ്പരം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ഡഹാണു, തലാസരി ബൊയ്സർ മേഖലകളിലും പെരുമഴയിൽ കനത്ത നഷ്ടങ്ങൾ ഉണ്ടായി. ഡഹാണു-ഘോൽവാട് റോഡ് മഴയിൽ തകർന്നു. പലയിടങ്ങളിൽ മരങ്ങൾ കടപുഴകിയതു മൂലം വൈദ്യുതി വിതരണ തടസ്സവും നേരിട്ടു. പാൽഘറിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് വീടുകൾക്കു മുകളിൽ അഭയം തേടിയ 70 പേരെ സമീപവാസികൾ രക്ഷിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക