കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കുടുങ്ങിയ ജിഎംസിസി ഉടമ കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ഷിജു വര്‍ഗ്ഗീസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണവുമായി ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ.

പെട്രോള്‍ ഒഴിച്ച്‌ സ്വയം കത്തിക്കാനുള്ള ഇയാളുടെ ശ്രമം പോലീസ് തകര്‍ത്തെന്നും ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തെന്നും മന്ത്രി പറഞ്ഞു. രാവിലെ തന്നെ വോട്ടു ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് മെഴ്‌സിക്കുട്ടിയമ്മ ഇക്കാര്യം പറഞ്ഞത്.

സിപിഎം ആക്രമിച്ചെന്ന് വരുത്തി തീര്‍ത്ത് തെരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാനുള്ള ശ്രമമായിരുന്നു ഇതെന്നും തക്ക സമയത്ത് പോലീസ് ഇടപെട്ടതിനാല്‍ അത് പരാജയപ്പെടുത്താന്‍ കഴിഞ്ഞത് ഇടതു സര്‍ക്കാരിന്റെ സത്യം കൊണ്ടാണെന്നും പറഞ്ഞു.

തുടര്‍ഭരണം ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ഈ രീതിയിലുളള നികൃഷ്ടമായ ശ്രമമാണ് നടക്കുന്നതെന്നും മെഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു. തന്റെ ഇന്നോവ കാറില്‍ പെട്രോള്‍ വാങ്ങി ഒഴിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് മന്ത്രി പറഞ്ഞത്.

മെഴ്‌സിക്കുട്ടിയമ്മ മത്സരിക്കുന്ന കുണ്ടറ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ഷിജു വര്‍ഗ്ഗീസ്. രാവിലെ തന്നെ ഷിജുവര്‍ഗ്ഗീസിനെ ആക്രമിക്കാന്‍ ശ്രമം നടത്തിയെന്ന രീതിയില്‍ വാര്‍ത്തയയുണ്ടായിരുന്നു. എന്നാല്‍ സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

രാവിലെ അഞ്ചരയോടെ കൊല്ലത്ത് ഷിജുവര്‍ഗ്ഗീസിന്റെ കാറിന് സമീപം പെ​ട്രോള്‍ നിറച്ച കുപ്പി കത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. തന്നെ പെട്രോളൊഴിച്ചു കൊലപ്പെടുത്താന്‍ ശ്രമം നടത്തി എന്ന രീതിയില്‍ വരുത്തി തീര്‍ക്കാനാണ് ഇയാള്‍ ശ്രമം നടത്തിയതെന്നാണ് മന്ത്രിയുടെ ആ​രോപണം. സമയത്ത് തന്നെ ഇക്കാര്യം കണ്ടെത്തിയ സാഹചര്യത്തിലാണ് ഷിജുവര്‍ഗ്ഗീസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് മന്ത്രി നല്‍കിയിരിക്കുന്ന വിവരം. അതേസമയം ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം കിട്ടിയിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2