കൊല്ലം: കാറിലെത്തിയ ഒരു സംഘം തന്നെ ബോംബെറിഞ്ഞ് അപായപെടുത്താന്‍ ശ്രമിച്ചുവെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ്. കണ്ണന്നല്ലൂര്‍-കുരീപ്പള്ളി റോഡില്‍ വെച്ചായിരുന്നു ആക്രമണം. ആരാണ് പിന്നിലെന്ന് അറിയില്ല. ഈ സംഭവത്തിന്മേല്‍ പരാതി നല്‍കാനാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. തന്റെ കാറില്‍ നിന്ന് ഒന്നും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ താന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന രീതിയില്‍ നടത്തിയ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഷിജു വര്‍ഗീസ് പ്രതികരിച്ചു.

നേരത്തെ സ്ഥാനാര്‍ത്ഥി കൂടിയായ ഇഎംസിസി ഡയറക്ടര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന് കുണ്ടറ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മേഴ്സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു.

ഇന്നോവ കാറില്‍ പെട്രോളുമായി എത്തി അയാളെ ആരോ കത്തിക്കുമെന്ന് പറയുകയായിരുന്നുവെന്നും കാറില്‍ നിന്നും ഇന്ധനം കണ്ടെടുത്തെന്നും ഇയാളെ സ്ഥലത്ത് ഉണ്ടായിരുന്ന സ്പെഷ്യല്‍ ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തുവെന്നുമായിരുന്നു മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ സംഭവങ്ങളെന്നും മേഴ്സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു.

എന്നാല്‍ മന്ത്രിയുടെ വാദം തള്ളിയ പൊലീസ്, ഷിജു വര്‍ഗീസിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും ബോംബാക്രമണം ഉണ്ടായി എന്ന പരാതിയുമായി ഷിജു പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നുവെന്നുമാണ് പറഞ്ഞത്. ഷിജുവിന്‍്റെ വാഹനത്തില്‍ നിന്ന് ഇന്ധനം പിടിച്ചിട്ടില്ലെന്നും കണ്ണനല്ലൂര്‍ പൊലീസ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2