കൊല്ലം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള കൊല്ലം രൂപതയുടെ ഇടയ ലേഖനത്തില്‍ വിമര്‍ശനവുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഇടയ ലേഖനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്‌. മത്സ്യനയത്തെ സഭ ദുര്‍വ്യഖ്യാനം ചെയ്തുവെന്നും ലേഖനം തിരുത്താന്‍ സഭ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇടയലേഖനം രാഷ്ട്രീയ പ്രേരിതമാണ്. മത്സ്യനയത്തെ തെറ്റായി വ്യഖ്യാനിച്ചു. ആര്‍ക്കുവേണ്ടിയാണ് ഇത്തരത്തിലൊരു ലേഖനം എഴുതിയതെന്ന് വ്യക്തമാക്കാന്‍ സഭ തയ്യാറാകണം. കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന തെറ്റായ കാര്യങ്ങള്‍ സഭ ഔദ്യോഗിക രേഖയായി പുറത്തിറക്കിരിക്കുകയാണ്. ഇടയ ലേഖനത്തില്‍ ഉന്നയിച്ചിരിക്കുന്ന പല കാര്യങ്ങളും അടിസ്ഥാന രഹിതമാണ്.

ഇതിന് പിന്നിലെ താല്‍പര്യം എന്താണ് എന്ന് സഭ വ്യക്തമാക്കണം. സഭ യുഡിഎഫിനു വേണ്ടി സംസാരിക്കുകയാണോ എന്നും മന്ത്രി ചോദിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന തെറ്റായ കാര്യങ്ങളെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഇല്ലാത്ത കാര്യത്തെപറ്റി പ്പറഞ്ഞ് ആരോപണമുയര്‍ത്തുകയും അത് പ്രചരണായുധമാക്കി മാറ്റുകയും ചെയ്യുന്നതിലെ ധാര്‍മികത ലേഖനം ഇറക്കിയവര്‍ പരിശേധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കൊല്ലം ജില്ലയിലെ ചരിത്രത്തില്‍ ഇതേവരെ ഒരു ബിഷപ്പും ഇത്ര അന്ധമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടില്ല. മത്സ്യനയത്തെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ലേഖനം പുനപരിശോധിക്കാന്‍ സഭ തയ്യാറാകണമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു കൊല്ലം ലത്തീന്‍ രൂപത പുറത്തിറക്കിയ ഇടയ ലേഖനത്തില്‍ ഉയര്‍ത്തിയിരുന്നത്. മത്സ്യബന്ധന മേഖലയെ ഇല്ലാതാക്കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്നും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇഎംസിസി കരാര്‍ പിന്‍വലിക്കപ്പെട്ടതെന്നും സഭ ആരോപണം ഉയര്‍ത്തി. മത്സ്യബന്ധന മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ടൂറിസത്തിന്റെയും വികസനത്തിന്റെയും പേര് പറഞ്ഞ് പരമ്ബരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകര്‍ത്തെറിയാനാണ് ശ്രമം. അത്തരം നയങ്ങളും തീരുമാനങ്ങളും ഏത് സര്‍ക്കാര്‍ കൈക്കൊണ്ടാലും എതിര്‍ക്കപ്പെടേണ്ടതാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഉണ്ടായിരുന്ന ഭവന നിര്‍മാണ പദ്ധതി ലൈഫ് മിഷനില്‍ കൂട്ടിച്ചേര്‍ത്ത് ആനുകൂല്യങ്ങള്‍ ഇല്ലാതാക്കി. വനവാസികള്‍ക്ക് വന അവകാശമുള്ളതു പോലെ കടലിന്റെ മക്കള്‍ക്ക് കടല്‍ അവകാശം വേണമെന്ന് ലേഖനത്തില്‍ പറയുന്നു. ബ്ലൂ എക്കോണമി എന്ന പേരില്‍ കടലില്‍ ധാതുവിഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഖനനാനുമതി നല്‍കിയതു ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെയും വിമര്‍ശനമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2