കൊല്ലം: കൊല്ലം രൂപതക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മത്സ്യമേഖലയിലെ ഇടനിലക്കാരോടാണ് സഭക്ക് പ്രതിബദ്ധതയെന്ന് കുണ്ടറയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കൂടിയായ മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ കൊല്ലം രൂപത ഇടയലേഖനം ഇറക്കിയ പശ്ചാത്തലത്തിലായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ വിമര്‍ശനം.

തനിക്കെതിരെ സ്ഥാപിത താല്‍പര്യക്കാരുടെ ഗൂഢാലോചനയുണ്ട്. പ്രമാണികള്‍ക്കെതിരെയുള്ള നിലപാടുകളാണ് ഇതിന് കാരണം. തനിക്കുള്ളത് തൊഴിലാളി താല്‍പര്യമാണ്. ഇ.എം.സി.സിയുമായുള്ള ധാരണ മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവര്‍ അറിഞ്ഞിരിക്കാം. അത് അനൗപചാരിക ആശയവിനിമയം മാത്രമാണെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. സഭയുടെ നിലപാട് തൊഴിലാളികളുടെ വരുമാന വര്‍ധനവിന് എതിരാണ്. ഇടയലേഖനത്തിലുള്ളത് പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ ദുരാരോപണങ്ങള്‍ മാത്രമാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ കുറ്റപ്പെടുത്തി.

സര്‍ക്കാറിനെതിരെ ഇടയലേഖനമിറക്കിയ കൊല്ലം രൂപതയുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇടയലേഖനത്തിന്റെ വിശ്വാസ്യത ജനങ്ങള്‍ക്കിടയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് പിണറായി പറഞ്ഞു. വിമര്‍ശനങ്ങള്‍ ഉന്നയിച്ചവര്‍ക്ക് ബോധ്യപ്പെട്ട കാര്യങ്ങളല്ല പറയുന്നത്. മറിച്ച്‌ പ്രതിപക്ഷ നേതാവും കൂട്ടരും പറയുന്നത് ഏറ്റുപിടിച്ചാണ് പല വിമര്‍ശനങ്ങളും ഉന്നയിക്കപ്പെടുന്നത്. ഇടയലേഖനം ഇറക്കിയത് ശരിയാണോ എന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ പല ഇല്ലാക്കഥകളും പടച്ചു വിടാറുണ്ട്. പക്ഷേ, സമൂഹം അതു സ്വീകരിക്കുണ്ടോ എന്ന് നോക്കണമെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2