കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ നിയോജക മണ്ഡലത്തിൽ അപ്രതീക്ഷിതമായി എത്തിയ വനിതാ സ്ഥാനാർത്ഥി വോട്ട് ചോർത്തുമെന്ന ആശങ്കയിൽ മുന്നണികൾ. എല്ലാ തിരഞ്ഞെടുപ്പിലും നിർണ്ണായകമാകുന്ന വനിതാ വോട്ടുകൾ മിനർവ മോഹൻ എന്ന ബി.ജെ.പി സ്ഥാനാർത്ഥി, വോട്ട് ചോർത്തുമെന്ന ആശങ്കയാണ് ഇരുമുന്നണികൾക്കുമുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 1.28 ലക്ഷം വോട്ടർമാരാണ് ഉള്ളത്. ഇതിൽ 40 ശതമാനമെങ്കിലും സ്ത്രീ വോട്ടർമാരാണ്. ഇവരാണ് ഓരോ മണ്ഡലത്തിലെയും വിധി നിർണ്ണയിക്കുന്നതും.

നിയോജക മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി എത്തിയ മിനർവ മോഹന് സ്ത്രീകൾക്കിടയിലേയ്ക്കു കടന്നു കയറാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണനും, സി.പി.എം നേതാവ് കെ.അനിൽകുമാറിനും ഉണ്ടാക്കാനാവാത്ത ചലനം സ്ത്രീ വോട്ടർമാർക്കിടയിൽ മിനർവാ മോഹന് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

മിനർവയുടെ സ്ഥാനാർത്ഥിത്വത്തിലെ ഏറ്റവും വലിയ വിജയം എന്നത് ഇവർ സ്ത്രീ ആണ് എന്നു തന്നെയാണ്. ഏതൊരു വീടിന്റെയും അടുക്കളവരെ കടന്നു കയറാനാവും എന്നത് തന്നെയാണ് മിനർവയുടെ പ്രധാന നേട്ടം. വീട്ടമ്മമാർ അടക്കമുള്ളവർ രണ്ടു കയ്യും നീട്ടിയാണ് മിനർവയെ സ്വീകരിക്കുന്നത്. മുൻ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റും, സി.പി.എം – എസ്.എൻ.ഡി.പി നേതാവുമായിരുന്നു മിനർവ മോഹൻ. ശബരിമല വിഷയത്തിൽ സി.പി.എമ്മും സർക്കാരും സ്വീകരിച്ച ആചാര വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് ഇവർ പാർട്ടി പതാക വലിച്ചെറിഞ്ഞു കളഞ്ഞ ശേഷം സി.പി.എമ്മിന്റെ അംഗത്വം ഉപേക്ഷിച്ചത്.

ഇതിനു ശേഷം ഇവർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തിയെന്നത് സ്ത്രീ വോട്ടർമാർക്കിടയിൽ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. വീടുകളിൽ നേരിട്ട് കയറിയിറങ്ങിയ മിനർവ ശബരിമല വിഷയം തന്നെയാണ് വീട്ടമ്മമാർക്കിടയിൽ ചർച്ചയാക്കിയിരിക്കുന്നത്. സ്ത്രീകളുമായി നേരിട്ട് സംവദിക്കുന്ന ഇവർ കൃത്യമായി ഈ വിഷയങ്ങൾ സാധാരണക്കാരായ വീട്ടമ്മമാർക്കിടയിലേയ്ക്ക് എത്തിക്കുന്നു. ജാതിമത വ്യത്യാസമില്ലാതെ ഇടതു പക്ഷം ഭരണത്തിൽ എത്തിയാൽ തങ്ങളുടെ ആചാരത്തെ കൈവയ്ക്കുമെന്നുള്ള കൃത്യമായ സൂചന മിനർവ മോഹൻ വോട്ടർമാർക്ക് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വോട്ടെടുപ്പിൽ ഇത് മിനർവയെ കാര്യമായി സഹായിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2