കൊല്ലം: മില്‍മ അധികൃതരുടെ അനാസ്‌ഥ മൂലം കൊല്ലം തേവള്ളിയിലെ ഡയറിക്ക്‌ മുമ്ബില്‍ ജോലി തേടി എത്തിയത്‌ ആയിരങ്ങള്‍. താല്‍ക്കാലിക ഡ്രൈവറുടെ ഒരു ഒഴിവാണ്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ ഇക്കാര്യം വ്യക്‌തമാക്കാതെ പത്രപരസ്യം നല്‍കിയത്‌ വഴി ആയിരങ്ങളാണ്‌ അഭിമുഖത്തിന്‌ എത്തിയത്‌.
ഡ്രൈവര്‍ തസ്‌തികയിലേക്ക്‌ അപേക്ഷകരെ ക്ഷണിച്ച്‌ കൊല്ലം മില്‍മാ ഡയറി നല്‍കിയ പത്രപരസ്യത്തില്‍ ഈ താല്‍ക്കാലിക തസ്‌തികയിലേക്ക്‌ എത്ര ഒഴിവുണ്ടെന്ന്‌ വ്യക്‌തമാക്കിയിരുന്നില്ല. ആ ഒരു പിഴവിന്റെ ഫലമായി കോവിഡ്‌ കാലത്ത്‌ തടിച്ചുകൂടിയ ഉദ്യോഗാര്‍ഥികളുടെ എണ്ണം അമ്ബരപ്പിക്കുന്നതായിരുന്നു. മറ്റു ജില്ലകളില്‍ നിന്നുള്ളവടക്കം ഇന്നലെ പുലര്‍ച്ചെ മുതല്‍ അഭിമുഖത്തിനായി ഡയറിക്ക്‌ മുമ്ബില്‍ എത്തിയിരുന്നു.എന്നാല്‍ സാമൂഹിക അകലം ഉള്‍പ്പെടെ കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്‌ അധികൃതരുടെ ഭാഗത്ത്‌ നിന്ന്‌ നടപടിയുണ്ടായില്ല.
ആറ്‌ മാസത്തേക്കാണ്‌ നിയമനമെന്ന്‌ പലരും അറിഞ്ഞത്‌ ഇവിടെ എത്തിയ ശേഷമാണ്‌. ഇതിനിടെ മണിക്കൂറുകളോളം കാത്തുനിന്ന ഉദ്യോഗാര്‍ഥികള്‍ ഗേറ്റിന്‌ മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്‌തു. നടപടികള്‍ പാളിയതില്‍ വിശദീകരണം നല്‍കാതെ അധികൃതര്‍ ഒഴിഞ്ഞുമാറി. പിന്നീട്‌ പോലീസ്‌ സ്‌ഥലത്ത്‌ എത്തിയാണ്‌ സ്‌ഥിതിഗതികള്‍ നിയന്ത്രിച്ചത്‌. പലര്‍ക്കും ടോക്കണ്‍ നല്‍കി മറ്റൊരു ദിവസം എത്താന്‍ നിര്‍ദേശിച്ചു മടക്കിയയക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക