കോട്ടയം: കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സംസ്ഥാനത്തൊട്ടാകെ പലയിടങ്ങളിലും നായയെ വാഹനങ്ങള്‍ക്ക് പിന്നില്‍ കെട്ടിവലിച്ച സംഭവങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്നലെ കോട്ടയത്തും സമാനമായ സംഭവം നടന്നു. കോട്ടയം അയര്‍ക്കുന്നം ളാക്കാട്ടൂര്‍ റോഡില്‍ നായയെ കെട്ടി വലിച്ചു കൊണ്ടു പോയ സംഭവം പ്രതിഷേധത്തിനിടയാക്കി. ഈ സംഭവത്തിലാണ് പൊലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നത്. കോട്ടയം കൂരോപ്പട പുതുക്കുളം സ്വദേശി ജെഹു തോമസിനെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ 6.30 നാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

സംഭവത്തില്‍ മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരം പോലീസ് കേസെടുത്തു. അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അയര്‍ക്കുന്നം പോലീസ് പ്രതിയെ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആണ് സംഭവം പുറത്ത് വന്നത്. അതേസമയം സംഭവത്തെക്കുറിച്ച്‌ അറസ്റ്റിലായ ജെഹു തോമസ് പൊലീസിനു നല്‍കിയ മൊഴി ഇങ്ങനെയാണ്, വീട്ടിലുള്ളവര്‍ക്ക് വാക്സിനേഷന്‍ എടുക്കുന്നതിനായി ഇന്നലെ പുറത്തു പോകേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇതിനു മുന്നോടിയായി എടിഎമ്മില്‍ പൈസ എടുക്കാന്‍ ആണ് പോയത്. വാഹനത്തിനു പിന്നില്‍ പിതാവ് പട്ടിക്കുട്ടിയെ കെട്ടിയിരുന്നു. വീട്ടിലെ പട്ടിക്കൂട് തകര്‍ന്നതിനാല്‍ വാഹനത്തിനു പിന്നില്‍ ആണ് വളര്‍ത്തുനായയെ കെട്ടിയിട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പിതാവാണ് രാത്രി വൈകി നായെ കാറിനു പിന്നില്‍ കെട്ടിയിട്ടത്. അതിരാവിലെ എടിഎമ്മില്‍ പോകാനിറങ്ങിയപ്പോള്‍ വാഹനത്തിനു പിന്നില്‍ പട്ടിയെ കെട്ടിയ കാര്യം താന്‍ ശ്രദ്ധിച്ചിരുന്നില്ല. ഏറെദൂരം വണ്ടി ഓടിച്ചു കഴിഞ്ഞപ്പോള്‍ നാട്ടുകാരാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. പക്ഷേ അപ്പോഴേക്കും പട്ടി ചത്തു പോയിരുന്നു എന്നും ജെഹു തോമസ് അയര്‍ക്കുന്നം പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

സംഭവത്തെക്കുറിച്ച്‌ പ്രതിയായ ജെഹു തോമസ് നല്‍കിയ മൊഴിയും പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം നായക്കെതിരെ ഉണ്ടായത് മനസാക്ഷിയില്ലാത്ത ക്രൂരകൃത്യം ആയതിനാല്‍ കേസെടുക്കാതെ നിര്‍വാഹമില്ല എന്ന നിലപാടിലാണ് പൊലീസ്. ഇക്കാര്യത്തില്‍ പരാതി ഉയര്‍ന്നുവന്ന സാഹചര്യവും പോലീസ് ചൂണ്ടിക്കാട്ടുന്നു.

ഇന്നലെ രാവിലെ ആറരയോടെ അയര്‍ക്കുന്നം ളാക്കാട്ടൂര്‍ റോഡില്‍ ചേന്നാമറ്റത്താണ് സംഭവം അരങ്ങേറിയത്. പ്രദേശത്തെ പൊതുപ്രവര്‍ത്തകനായ ടോമി ചക്കുപാറ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അയര്‍ക്കുന്നം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ചേന്നാമറ്റം വായനശാലയില്‍ എത്തി സിസിടിവി പരിശോധിച്ച്‌ തോടെ സംഭവം നടന്നതായി പോലീസ് സ്ഥിരീകരിച്ചു.

ഈ റോഡിലുള്ള മറ്റൊരു സ്ഥലത്തും പൊലീസ് സിസിടിവി പരിശോധിച്ചു. ഈ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിലെ നിജസ്ഥിതി കണ്ടെത്താനായത്. അതിരാവിലെ പല നാട്ടുകാരും ഈ സംഭവം കണ്ടിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് പൊതുപ്രവര്‍ത്തകരെ വിവരം അറിയിച്ചത്. പൊതുപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് ആദ്യം സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്.

നേരത്തെ എറണാകുളം ജില്ലയില്‍ നായ വാഹനത്തിനു പിന്നില്‍ കെട്ടിവലിച്ച സംഭവമുണ്ടായിരുന്നു. ഇതിനു പിന്നാലെ മറ്റു പല ജില്ലകളിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക