തൊടുപുഴ: ഡ്യൂട്ടിക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കരിമണ്ണൂര്‍ കിളിയറ പന്നാരക്കുന്നേല്‍ ബിനു (38) ആണ് അറസ്റ്റിലായത്. തൊടുപുഴ എക്‌സൈസ് റേഞ്ച് ആഫീസിലെ സിവില്‍ എക്‌സൈസ് ആഫീസര്‍ എ.ഐ. സുബൈറിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കരിമണ്ണൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.

ലോക്ക്ഡൗണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി എക്‌സൈസ് കമ്മിഷണറുടെ കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും, തിരക്ക് നിയന്ത്രിക്കുന്നതിനുമായി കരിമണ്ണൂര്‍ ബിവററേജ് ഔട്ട്‌ലെറ്റിനു മുന്നില്‍ ഡ്യൂട്ടിയിലായിരുന്നു ഇദ്ദേഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വെള്ളിയാഴ്ച ബിവറേജ് ഔട്ട്‌ലെറ്റില്‍ തിരക്കേറിയ സമയത്ത് ഔട്ട്‌ലെറ്റിനു മുന്നില്‍ ക്യൂ തെറ്റിച്ച്‌ കയറാന്‍ ശ്രമിച്ചയാളെ നിയന്ത്രിക്കുന്നതിനിടെയാണ് എക്‌സൈസ് ആഫീസര്‍ക്കു നേരെ അസഭ്യവര്‍ഷവും, കൈയേറ്റശ്രമവും ഉണ്ടായത്. സുബൈര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴേക്കും ബിനു സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.