തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ബിജെപിയെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞത് മാതൃഭൂമി. മാതൃഭൂമി ന്യൂസിന് വേണ്ടി ചീഫ് ഉണ്ണി ബാലകൃഷ്ണനാണ് പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് രംഗത്ത് വന്നത്. വെറുക്കപ്പെട്ട എന്ന പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു. ആ ബോധ്യം ഉണ്ടായപ്പോള്‍ തന്നെ തത്സമയം തിരുത്തുകയും ചെയ്തിരുന്നു. വെറുക്കപ്പെട്ട എന്ന പ്രയോഗം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

കഴിഞ്ഞ ദിവസം പുറത്ത് വന്ന മാതൃഭൂമിയുടെ അഭിപ്രായ സര്‍വേയിലാണ് കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടി ബിജെപിയാണെന്ന് കണ്ടെത്തിയിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 34.3 ശതമാനം പേരായിരുന്നു ബിജെപി ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടിയാണെന്ന് അഭിപ്രായപ്പെട്ടത്.

ഈ പരാമര്‍ശത്തില്‍ ബിജെപിയുടെ ഭാഗത്ത് നിന്നും വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് വന്നത്.വെറുക്കപ്പെട്ട പാര്‍ട്ടി പ്രയോഗത്തില്‍ പ്രതിഷേധിച്ച്‌ സര്‍വേയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടെ ബിജെപി നേതാവ് പിആര്‍ ശിവശങ്കര്‍ ഇറങ്ങിപ്പോയിരുന്നു. പരമാര്‍ശത്തിനെതിരെ കേന്ദ്ര മന്ത്രി വി മുരളീധരനും വിമര്‍ശനം ഉന്നയിച്ച്‌ രംഗത്ത് വന്നിരുന്നു.

‘സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലും എകെജി സെന്‍ററിലുമാണ് ആ സര്‍വെ നടന്നതെന്ന് അര്‍ഥം. ജനങ്ങളുടെ വെറുപ്പല്ല, ഇടതുപക്ഷത്തിന് നട്ടെല്ല് പണയപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ ഉള്ളിലെ വെറുപ്പാണ് ഇതിലൂടെ പുറത്തുവന്നത്. കോടികളുടെ പരസ്യം കിട്ടിയതിന്‍റെ നന്ദി പ്രകടിപ്പിക്കുന്നത് ബിജെപിയുടെ നെഞ്ചത്തോട്ട് കയറിയിട്ട് വേണ്ട. ഈ പാര്‍ട്ടിയെ ഹൃദയത്തിലേറ്റിയ ലക്ഷക്കണക്കിന് മനുഷ്യരെയാണ് നിങ്ങള്‍ അപമാനിച്ചത്’- എന്നായിരുന്നു വി മുരളീധരന്‍റെ വിമര്‍ശനം.

മാതൃഭൂമി ചാനൽ ഉടമകളിലൊരാളായ എം വി ശ്രേയാംസ്കുമാർ വയനാട് കൽപ്പറ്റ നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയാണ്. സർവ്വേയിൽ പങ്കെടുത്ത 68 ശതമാനം ആളുകളും ഇടതുമുന്നണിയുടെ നയങ്ങളോട് എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഇടതുമുന്നണിയുടെ തുടർഭരണം ആണ് സർവ്വേ പ്രവചിക്കുന്നത്. സ്വർണ്ണ കള്ളക്കടത്തും, തൊഴിലില്ലായ്മയും പ്രധാന ചർച്ചയാകും എന്ന് കണ്ടെത്തിയ സർവ്വേയുടെ തുടർ ഭരണം എന്ന കണ്ടെത്തലിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ സംശയം രേഖപ്പെടുത്തുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2