പാലാ: മാസ്ക്ക് വച്ച് മോഷണം നടത്തിയിട്ടും രക്ഷയില്ല .പ്രതിയുടെ രൂപഭാവങ്ങൾ മനസിലാക്കിയ പോലീസ് കള്ളനെ ഊഹിച്ച് കണ്ട് പിടിച്ചു. കടകളിൽ കയറി മോഷണം നടത്തുന്ന വിദഗ്ദനെയാണ് പോലീസ് ഊഹിച്ച് കണ്ട് പിടിച്ചു പിടികൂടിയത്.പാലായിലാണ് സംഭവം കടയിൽ കയറി മോഷണം നടത്തിയ ശേഷം, ഇവിടെ നിന്നും ലഭിച്ച എ.ടി.എം കാർഡുമായി കൗണ്ടറിൽ കയറി പണമെടുത്ത മോഷ്ടാവിനെയാണ് പൊലീസ് പിടിച്ചത്. രാത്രി കാലങ്ങളിൽ അടച്ചിട്ടിരിക്കുന്ന കടകളിൽ കയറി മോഷണം നടത്തുന്ന ഇടുക്കി സ്വദേശിയായ യുവാവിനെയാണ് പാലാ പൊലീസ് സംഘം പൊക്കി അകത്താക്കിയത്.
ഇടുക്കി വെള്ളിയാമറ്റം പാലോന്നിൽ പ്രദീപ് കൃഷ്ണനെ (30)യാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ദിവസങ്ങൾക്കു മുൻപായിരുന്നു കേസിനാസപ്ദമായ സംഭവം. പാലാ കൊല്ലപ്പള്ളിയിലെ കടയിൽ മോഷണം നടന്നിരുന്നു. ഇവിടെ നിന്നും ചില്ലറ തുകയും, എടിഎം കാർഡുമാണ് മോഷണം പോയത്. കടയുടെ പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാവ് മോഷണം നടത്തുകയായിരുന്നു.
കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ കിടങ്ങൂരിലും അയർക്കുന്നത്തും സമാന രീതിയിൽ മോഷണം നടന്നിരുന്നു. ഇതേ തുടർന്നു ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദേശാനുസരണം പാലാ ഡിവൈ.എസ്.പി ബൈജുകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പള്ളിയിലെ കടയിൽ നിന്നും മോഷണം പോയ എ.ടി.എം കാർഡ് ഉപയോഗിച്ച് എ.ടി.എമ്മിൽ നിന്നും പണം പിൻവലിച്ചത് എന്നു കണ്ടെത്തിയത്. തുടർന്നു, ഈ എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി ക്യാമറ പൊലീസ് പരിശോധിക്കുകയായിരുന്നു. എന്നാൽ, ഇതിൽ മുഖം മാസ്ക് വച്ച് മറച്ചാണ് പ്രതി പണം എടുത്തിരുന്നത്. അതുകൊണ്ടു തന്നെ പ്രാഥമിക പരിശോധനയിൽ ഇയാളെ തിരിച്ചറിയാൻ സാധിച്ചില്ല.
തുടർന്നു, പൊലീസ് സംഘം ജില്ലയ്ക്കു സമീപത്തെ മൂന്നു ജില്ലകളിൽ നിന്നുള്ള പൊലീസിന്റെയും, സൈബർ സെല്ലിന്റെയും ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെയും സഹായത്തോടെ അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇടുക്കി കാഞ്ഞാർ ഈരാറ്റുപേട്ട പാലാ പൊലീസ് സ്റ്റേഷനുകളിലായി ഇരുപത്തഞ്ചോളം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്നു പൊലീസ് കണ്ടെത്തി.
തുടർന്നു, ഇൻസ്പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിൽ എസ്.ഐ സിന്ദിഖ് അബ്ദുൾ ഖാദർ, തോമസ് സേവ്യർ, അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷെറിൻ സ്റ്റീഫൻ, അരുൺ ചന്ദ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ദിവസങ്ങൾക്കു മുൻപു അയർക്കുന്നത്തും കിടങ്ങൂരിലും നടന്ന മോഷണങ്ങൾക്കു പിന്നിലും ഇയാൾ തന്നെയാണ്ന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.