തിരുവനന്തപുരം; മുന്നോക്ക വിഭാഗങ്ങളുടെ വോട്ടു ബാങ്ക് ലക്ഷ്യമാക്കി സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത് സംവരണത്തിന്റെ ഭരണഘടന അടിത്തറ തകര്‍ക്കലാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനം അധിപൻ ഗീവർഗീസ് മാർ കൂറിലോസ്.സംവരണ തത്വത്തില്‍ വെള്ളം ചേര്‍ക്കുന്നത് സാമൂഹിക നീതി അട്ടിമറിക്കുന്നതിന് തുല്യമാണ്. ചെയ്യേണ്ടത് മുന്നോക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുക എന്നതാണെന്നും ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു.

പോസ്റ്റ് വായിക്കാം:

പറയാതെ വയ്യ

വീണ്ടും പറയാതെ വയ്യ
പല പ്രാവശ്യം പറഞ്ഞതാണ്. ഭാരതത്തിൻ്റെ അടിസ്ഥാന പ്രശ്നം ജാതിയിൽ കേന്ദ്രീകൃതമായ ശ്രേണീ ബദ്ധ സാമൂഹിക അസമത്വമാണ്. സാമ്പത്തിക അസമത്വം പോലും സാമൂഹിക അസമത്വത്തിൻ്റെ ഭാഗമാണ്. ഇതാണ് ഇന്ത്യൻ സാമൂഹിക അവസ്ഥയെ കുറിച്ച് അംബേദ്കറും മാർക്സും തമ്മിലുള്ള പ്രധാന ഭിന്നത.

അംബേദ്കർ വാദിച്ചു

ഇന്ത്യയിൽ ജാതിയാണ് വർഗ്ഗം എന്ന് അംബേദ്കർ വാദിച്ചു; മാർക്സ് അത് മനസ്സിലാക്കിയില്ല. ഇന്ത്യയിലെ മാർക്സിസ്റ്റുകളും അംബേദ്കറിനെ ഗൗരവമായി എടുത്തില്ല. (അതുകൊണ്ടാണ് മാർക്സിസത്തിന് ഇന്ത്യയിൽ ഉടനീളം പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ വേരുകൾ ഇല്ലാത്തത് ) പറഞ്ഞു വരുന്നത് സംവരണത്തെ കുറിച്ചാണ്.

ഭരണഘടനയിൽ ചേർത്തത്

ജാതിയ അസമത്വം സമൂഹപരമാണ്, വൈയക്തികമല്ല. ദളിത് സമൂഹത്തിലെ ഒന്നോ രണ്ടോ പേർ സാമ്പത്തികമായി ഉയർച്ച നേടിയാലും അത് ആ സമൂഹത്തിൻ്റെ ആകമാനമായ സാമ്പത്തിക ഉയർച്ച ആകുന്നില്ല. അതുകൊണ്ടാണ് സംവരണത്തിന് സാമ്പത്തിക മാനത്തിന് പകരം സാമൂഹിക മാനദണ്ഡം (ജാതി) അടിസ്ഥാനമാക്കി ഡോ. അംബേദ്കർ ഭരണഘടനയിൽ ചേർത്തത്.

വോട്ട് ബാങ്ക് ലക്ഷ്യമാക്കി

എന്നാൽ മുന്നോക്ക വിഭാഗങ്ങളുടെ വോട്ടു ബാങ്ക് ലക്ഷ്യമാക്കി സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത് സംവരണത്തിൻ്റെ ഭരണഘടന അടിത്തറ തകർക്കലാണ്. ചെയ്യേണ്ടത് മുന്നോക്ക വിഭാഗങ്ങളിലെ ദരിദ്രർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് സർക്കാർ ഏർപ്പെടുത്തുക എന്നതാണ്.

വെള്ളം ചേർക്കുന്നത്

മറിച്ച് സംവരണ തത്വത്തിൽ വെള്ളം ചേർക്കുന്നത് സാമൂഹിക നീതി അട്ടിമറിക്കുന്നതിന് തുല്യമാണ്. വീണ്ടും ആവർത്തിക്കട്ടെ; ഇന്ത്യയിൽ ഒരു ജനാധിപത്യ വിപ്ലവം (സാമൂഹിക ജനാധിപത്യം ) സാധ്യമാകണമെങ്കിൽ അംബേദ്കറിനെ ഗൗരവമായി എടുത്തേ പറ്റു. അംബേദ്കറും മാർക്സും സമന്വയിക്കുന്ന നീൽസലാം – ലാൽ സലാം മുന്നേറ്റം ഇന്ത്യയിൽ അവശ്യമാണ്.

മനസിലാക്കിയില്ലങ്കിൽ

ഇന്ത്യയിലെ മാർക്സിസ്റ്റുകൾ അത് ഇനിയും മനസ്സിലാകുന്നില്ലങ്കിൽ നമ്മുടെ രാജ്യത്ത് ഈ ആശയവും പ്രസ്ഥാനവും തീരെ ഇല്ലാതാവും. അതു പക്ഷേ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു ദുരന്തവുമായിരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2