മുംബൈ: എട്ടാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചതാണ്‌ ഷെയ്‌ഖ്‌ ഇസ്‌മയില്‍ ഷെയ്‌ഖ്‌ ഇബ്രാഹിം. സ്‌കൂളില്‍ പോക്ക്‌ നിര്‍ത്തിയതും ജ്യേഷ്‌ഠന്‍ മുസാവിറിന്റെ ഗ്യാസ്‌ വെല്‍ഡിങ്‌ വര്‍ക്ക്‌ഷോപ്പിലായി. ആദ്യം അലമാര, പിന്നെപ്പിന്നെ കൂളറുകള്‍, മറ്റ്‌ വീട്ടുപകരണങ്ങള്‍. സ്‌റ്റീലും അലുമിനിയം ഷീറ്റുകളും ഉപയോഗിച്ച്‌ പലതും നിര്‍മിച്ചു.

“3 ഇഡിയറ്റ്‌സ്‌” എന്ന സിനിമയിലെ റാഞ്ചോ എന്ന കഥാപാത്രമാണ്‌ മഹാരാഷ്‌ട്ര മഹാഗാവ്‌ സ്വദേശി ഷെയ്‌ഖിനെ ഏറ്റവും സ്വാധീനിച്ചത്‌. വ്യത്യസ്‌തമായ എന്തെങ്കിലും നിര്‍മിക്കണം. അതായി ചിന്ത. ഒടുവില്‍ തീരുമാനിച്ചു. ഒരു ഹെലികോപ്‌ടര്‍ നിര്‍മിക്കും!
ഹെലികോപ്‌ടറിന്റെ ഡിസൈനുമായി ബന്ധപ്പെട്ട വിവരങ്ങളൊക്കെ ഷെയ്‌ഖ്‌ ലഭ്യമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

യന്ത്രഭാഗങ്ങള്‍ എങ്ങനെ കൂട്ടിയോജിപ്പിക്കാമെന്ന്‌ യൂട്യൂബില്‍ നോക്കി പഠിച്ചു. രണ്ടു വര്‍ഷംകൊണ്ടാണ്‌ യന്ത്രഭാഗങ്ങള്‍ തരപ്പെടുത്തിയത്‌. സ്‌റ്റീല്‍ പൈപ്പുകള്‍ വച്ച്‌ സ്വയം പ്രോട്ടോടൈപ്പ്‌ വികസിപ്പിച്ചു. അതില്‍ മാരുതി 800-ന്റെ എന്‍ജിനും ഘടിപ്പിച്ചു. ഈ വരുന്ന സ്വാത്വന്ത്ര്യദിനത്തില്‍ തനിക്കും കോപ്‌ടര്‍ പറത്തണമെന്നായിരുന്നു സ്വപ്‌നം അതിനാണ്‌ വര്‍ക്ക്‌ഷോപ്പിന്‌ സമീപം പരീക്ഷണപ്പറക്കല്‍ നടത്തിയത്‌. പക്ഷേ, വിധി ആ സ്വപ്‌നത്തിന്റെ ചിറകരിഞ്ഞു.

ചൊവ്വാഴ്‌ച രാത്രി. സുഹൃത്തുക്കള്‍ നോക്കിനില്‍ക്കെ ഷെയ്‌ഖ്‌ പൈലറ്റ്‌ സീറ്റില്‍ ഇരുന്നു. കോപ്‌ടറിന്റെ പങ്കായം കറങ്ങിത്തുടങ്ങിയതും എല്ലാവരും സന്തോഷിച്ച്‌ ആര്‍ത്തു. പിന്നൊയൊക്കെ പെട്ടെന്നായിരുന്നു. നിമിഷാര്‍ധത്തില്‍ വാലറ്റത്തെ റോട്ടര്‍ ബ്ലേഡ്‌ കോപ്‌ടറില്‍നിന്ന്‌ അടര്‍ന്നുതെറിച്ചു.
എന്താണ്‌ സംഭവിക്കുന്നതെന്നുപോലും മനസ്സിലായില്ല. അതിനു മുമ്ബേ ബ്ലേഡിന്റെ കഷ്‌ണങ്ങളിലൊന്ന്‌ ഷെയ്‌ഖിന്റെ കഴുത്തറുത്തു. ഷെയ്‌ഖ്‌ താഴേയ്‌ക്ക്‌ വീണെന്നും സൃഹൃത്ത്‌ സച്ചിന്‍ ഉബേല്‍.

ചോരയില്‍ കുളിച്ച ഷെയ്‌ഖിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെയെത്തും മുമ്ബേ പ്രാണന്‍ പറന്നകന്നു.ഇതാദ്യമല്ല ഷെയ്‌ഖ്‌ തന്റെ കോപ്‌ടര്‍ പരീക്ഷിക്കുന്നത്‌. അഞ്ച്‌ അടി ഉയരത്തില്‍വരെ നേരത്തെ പറത്തിയതുമാണ്‌. ചൊവ്വാഴ്‌ചത്തേത്‌ ഒടുവിലത്തെ പരീക്ഷണപ്പറക്കലായിരുന്നു. ശരിക്കും ഒടുവിലത്തെ പറക്കല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക