മലപ്പുറം: മാനസിക സംഘര്‍ഷത്തില്‍ ആശ്വാസം തേടി പോലീസിന്റെ കോള്‍സെന്ററിലേക്ക് വിളിച്ച പെണ്‍കുട്ടി കൈമാറിയ വിവരങ്ങള്‍ പീഡനക്കേസിലെ പ്രതിയെ കുടുക്കി. മലപ്പുറം അരീക്കോട് ആണ് സംഭവം. വിവാഹമുറപ്പിച്ചതോടെ മാനസികമായി ഏറെ സംഘര്‍ഷം നേരിട്ട പെണ്‍കുട്ടി ആശ്വാസത്തിനാണ് പോലീസിന്റെ കോള്‍സെന്ററിലേക്ക് വിളിച്ചത്. കോവിഡ് കാലത്ത് അനുഭവപ്പെടുന്ന മാനസിക സംഘര്‍ഷത്തില്‍ പരിഹാരം കാണുന്നതിന് ഏര്‍പ്പെടുത്തിയ കോള്സെന്ററായിരുന്നു ഇത്.
മാനസികമായി നേരിടുന്ന ബുദ്ധിമുട്ടുകള്‍ തുറന്നുപറയുന്നതിനിടെയാണ് ഏഴു വര്‍ഷം മുന്‍പ് പതിമൂന്നാം വയസ്സില്‍ നേരിട്ട ലൈംഗിക പീഡനത്തെ കുറിച്ചും പെണ്‍കുട്ടി മനസ്സു തുറന്നത്. പീഡനത്തിനു ശേഷവും മാന്യനായി നാട്ടില്‍ വിലസിയ പ്രതിയെ ഇതോടെ പോലീസ് പിടികൂടി.ഊര്‍ങ്ങാട്ടിരി സ്വദേശി ആദംകുട്ടി ആണ് പിടിയിലായത്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്ത ആദംകുട്ടിയെ വൈകാതെ കോടതിയില്‍ ഹാജരാക്കും.