മലയാള സിനിമയുടെ നിത്യ യൗവനം പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിക്ക് ഇന്ന് 69 വയസ്സ്. പ്രായം കൂടുന്തോറും ഗ്ലാമര്‍ കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് പലരും അദ്ദേഹത്തെ വാഴ്ത്താറുള്ളത്. അഞ്ചു പതിറ്റാണ്ടോളമായി അഭിനയരംഗത്ത്‌ സജീവമായ അദ്ദേഹത്തിന്റെ പ്രായം തട്ടാത്ത ‘ലുക്ക്‌’ എല്ലായ്‌പ്പോഴും ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്.

ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ എന്ന സ്ഥലത്താണ് 1951 സെപ്റ്റംബര്‍ ഏഴിന് പിറന്നുവീണത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്ബ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളര്‍ന്നത്. ഇസ്മയില്‍-ഫാത്തിമ ദമ്ബതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര-സീരിയല്‍ നടന്‍ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങള്‍.

അഭിഭാഷകനായാണ് യോഗ്യത നേടിയെങ്കിലും രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിക്കുകയായിരുന്നു അദ്ദേഹം. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലാണ് മമ്മൂട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്‌. 1971 ഓഗസ്റ്റ്‌ ആറാം തീയതിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഈ ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലാണ് അദ്ദേഹം എത്തിയത്.

എം ടി വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന മലയാള ചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല.

കെ ജി ജോര്‍ജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. പിന്നീടങ്ങോട്ട് നിരവധി വേഷപ്പകര്‍ച്ചകള്‍. എന്നാല്‍ അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്ന ഒന്നാണ് മമ്മൂട്ടി എന്ന നടന്റെ സൗന്ദര്യം.

ദേശീയ അവാര്‍ഡിന്റെ അന്തിമപട്ടികയില്‍ തന്നോടൊപ്പം മമ്മൂട്ടിയും ഉണ്ടോ എന്ന് താന്‍ ഭയത്തോടെ ഒറ്റ നോക്കുമെന്ന് ഉലകനായകന്‍ കമലഹാസന്‍ വരെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അഭിനയജ്ഞാനത്തിന്റെ വറ്റാത്ത ഉറവ തന്നെയാണ് മമ്മൂട്ടിയെന്ന് അന്യ ഭാഷയിലെ താരങ്ങളും പ്രേക്ഷകരും ഒരുപോലെ പല തവണ വിശേഷിപ്പിച്ചിട്ടുണ്ട്. വിശേഷണങ്ങള്‍ എത്ര ലഭിച്ചാലും ഒട്ടും കുറയാത്ത സൂപ്പര്‍താരമാണ് മലയാളത്തിലെ സ്വകാര്യ അഹങ്കാരമായ മെഗാസ്റ്റാര്‍ മമ്മൂട്ടി.

1980ല്‍ മമ്മൂട്ടി വിവാഹിതനായി. സുല്‍ഫത്ത് ആണ് മമ്മൂട്ടിയുടെ ഭാര്യ. ഈ ദമ്ബതികള്‍ക്ക് സുറുമി എന്ന് പേരുള്ള ഒരു മകളും, ദുല്‍ഖര്‍ സല്‍മാന്‍ എന്നു പേരുള്ള മകനും ഉണ്ട്. മകന്‍ ദുല്‍ഖര്‍ മലയാള സിനിമയിലെ യുവനടന്മാരില്‍ പ്രധാനിയുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2