കേരളത്തിലെ വനങ്ങളിൽ അടുത്തിടയായി വന്യ ജീവികൾക്ക് നേരെയുള്ള അക്രമവും നിഷ്ട്ടുരമായ വന്യ ജീവികളെ കൊന്നോടുക്കുന്ന പ്രവർത്തനങ്ങളും വർദ്ധിക്കുകയാണ്. മാസങ്ങൾക്ക് മുൻപാണ് വയനാട്ടിൽ പൈനാപ്പിളിനുള്ളിൽ പന്നിപ്പടകം വച്ച പൈനാപ്പിൾ കഴിച്ച് ഒരു കാട്ടാന ദിവസങ്ങളോളം വേദന സഹിച്ച് മരിച്ചത്.ആ മുറിവ് മായും മുൻപ് അതീ ക്രൂരമായ മറ്റോരു കൊലപാതകം കൂടി കേരളത്തിൽ അരങ്ങേറിയിരിക്കുകയാണ്. എന്നാൽ എന്താണ് യഥാർത പ്രശ്നം. വന്യ ജീവി അക്രമത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ ഓർക്കേണ്ട മറ്റോരു കാര്യമുണ്ട് മൃഗങ്ങൾ കാട് ഇറങ്ങുന്നതാണോ അതോ മനുഷ്യൻ കാട് കയറിയതാണോ. അവിടെ തന്നെയാണ് പ്രശ്നങ്ങളുടെ തുടക്കവും.ഈ ചോദ്യം സ്വയം ചോദിക്കാന്‍ ബാധ്യസ്ഥരായ മനുഷ്യര്‍, ഇത്തരം ചോദ്യങ്ങളുന്നയിക്കാന്‍ ശേഷിയില്ലാത്ത മൃഗങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തി നടത്തുന്ന പ്രകടനങ്ങള്‍ ഈ സംഘര്‍ഷത്തെ ഒരര്‍ത്ഥത്തിലും ലഘൂകരിക്കാന്‍ പോകുന്നില്ല. 

 

കുടിയേറ്റവും വെട്ടിപ്പിടിക്കലും.

 

1940കള്‍ മുതലാണ് കേരളത്തിലെ വിവിധ വനമേഖലകളിലേക്ക് വ്യാപകമായ കുടിയേറ്റവും കയ്യേറ്റവും ആരംഭിക്കുന്നത്. മുന്‍കൂട്ടി കണ്ടുവയ്ക്കുന്ന ഭൂമിയില്‍ തീയിട്ട് ഘട്ടംഘട്ടമായി കൃഷിയിടമാക്കിമാറ്റുന്നതായിരുന്നു അന്നത്തെ പതിവ്. മത, രാഷ്ട്രീയ, സാമ്പത്തിക സ്വാധീനങ്ങള്‍ ഉപയോഗിച്ച് ഏക്കറുകണക്കിന് ഭൂമി വെട്ടി പിടിച്ചു, അവയ്ക്ക് പട്ടയം തരപ്പെടുത്തുന്ന പ്രക്രിയ വഴിയാണ് കേരളത്തിന്റെ വലിയൊരുഭാഗം വനഭൂമിയും അപ്രത്യക്ഷമായത്.ഇടുക്കി, അട്ടപ്പാടി, വയനാട് തുടങ്ങിയ മലപ്രദേശങ്ങളിലേക്കുള്ള കുടിയേറ്റം മരച്ചീനി, രാമച്ചം, ഇഞ്ചി, കാപ്പി, വാഴ, ഏലം തുടങ്ങിയ വിളകള്‍ അവിടെ വ്യാപകമാക്കി. ഏതാണ്ട് ഇരുപതിനായിരം ഹെക്ടര്‍വരെ സ്വാഭാവിക വനങ്ങള്‍ ഓരോ വര്‍ഷവും ഇതിനായി വെട്ടിത്തെളിക്കപ്പെട്ടിരുന്നു.

മലങ്കൃഷി സമ്പ്രദായം കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ചൂഷണങ്ങള്‍ തിരിച്ചറിഞ്ഞ ഭരണാധികാരികള്‍ ചില വനസംരക്ഷണ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുകയും വനപ്രദേശങ്ങള്‍ ഒന്നൊന്നായി റിസര്‍വ് വനങ്ങളായി പ്രഖ്യാപിച്ച് സംരക്ഷിക്കുക എന്നത് ആദ്യനടപടിയായി സ്വീകരിക്കുകയും ചെയ്തു.1882ല്‍ മദ്രാസ് ഫോറസ്റ്റ് ആക്ട് നിലവില്‍ വന്നുവെങ്കിലും ബ്രിട്ടീഷുകാരുടെ സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നിയമത്തില്‍ പഴുതുകളുണ്ടാക്കി ഭൂരിഭാഗം വനങ്ങളും സ്വകാര്യവ്യക്തികളുടെ കൈവശംതന്നെ നിലനിര്‍ത്തി. കുടിയേറ്റം കേരളത്തിന്റെ ഭൂപരിസ്ഥിതിയില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയത് ഇക്കാലത്താണ്.വനപരിസ്ഥിതിക്ക് പെട്ടെന്ന് നേരിട്ട ആഘാതം കണക്കിലെടുത്താണ് അനിയന്ത്രിതമായ വനനശീകരണം ഒഴിവാക്കുന്നതിനായി 1949ല്‍ ദി മദ്രാസ് പ്രിസര്‍വേഷന്‍ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ് ആക്ട് പാസ്സാക്കിയത്. ഈ നിയമപ്രകാരം സ്വകാര്യവനങ്ങള്‍ കൈമാറുന്നതോ സ്വകാര്യവനങ്ങളില്‍നിന്നും മരങ്ങള്‍ മുറിക്കുന്നതോ അതിന് മൂല്യശോഷണം സംഭവിക്കുന്ന രീതിയില്‍ ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതോ ബന്ധപ്പെട്ട ജില്ലാകളക്ടറുടെ മുന്‍കൂട്ടിയുള്ള അനുവാദത്തോടുകൂടിയായിരിക്കണം.

ഭൂപരിഷ്കരണ നിയമം.

 

1963ല്‍ കേരള ഭൂപരിഷ്‌കരണ നിയമം സ്വകാര്യവനങ്ങളെ മാറ്റിനിര്‍ത്തിയിരുന്നുവെങ്കിലും ഏതു നിമിഷവും അത് സ്വകാര്യവനങ്ങളെക്കൂടി ബാധിക്കാമെന്ന ആശങ്ക ഭൂഉടമസ്ഥരെ വനങ്ങള്‍ വേഗത്തില്‍ വെട്ടിനിരത്തുന്നതിനും കൃഷിഭൂമിയാക്കുന്നതിനും നിര്‍ബന്ധിച്ചു. ലഭ്യമായ മിച്ചഭൂമി കര്‍ഷകത്തൊഴിലാളികള്‍ക്ക് തികയാതെ വന്നപ്പോള്‍ കാര്‍ഷിക പരിഷ്‌കരണത്തിന്റെ ഭാഗമായി സ്വകാര്യഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരും നിര്‍ബന്ധിതരായി. അങ്ങനെ 1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് ആന്റ് അസൈന്‍മെന്റ്) ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചുകൊണ്ട് സംസ്ഥാനത്തെ സ്വകാര്യവനങ്ങള്‍കൂടി സര്‍ക്കാര്‍ ഏറ്റെടുത്തു.

എന്നാല്‍ ഇതിന്റെ ഭരണഘടനാപരമായ സാധ്യതകളെ ചോദ്യംചെയ്തുകൊണ്ട് “ഗ്വാളിയോര്‍ റയോണ്‍സ് സില്‍ക് മാനുഫാക്ചറിംഗ്(വീവിംഗ്) കമ്പനി ലിമിറ്റഡ്” -ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ വനനിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. സംസ്ഥാനത്തെ വനപ്രദേശങ്ങള്‍ പൊതുവെ കൃഷിഭൂമികളായി കണക്കാക്കുവാന്‍ സാധ്യമല്ലെന്നും കാര്‍ഷിക പരിഷ്‌കരണത്തിന്റെ ഭാഗമാക്കരുതെന്നും ഹൈക്കോടതി തീര്‍ത്തു പറഞ്ഞു. ഇത് കൂടുതല്‍ മരങ്ങള്‍ മുറിക്കുന്നതിന് സ്വകാര്യവന ഉടമസ്ഥരെ പ്രോത്സാഹിപ്പിച്ചു. പ്രസ്തുത സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും 1973ലെ ഹൈക്കോടതി ഉത്തരവുപ്രകാരം പ്രതിഫലം നല്‍കാതെ വനഭൂമികള്‍ ഏറ്റെടുക്കുന്നത് ഭരണഘടനാവിരുദ്ധമല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. അങ്ങനെയാണ് കേരള വനനിയമം പ്രാബല്യത്തില്‍ വന്നത്.

വനങ്ങളുടെ അതിര്‍ത്തി സ്ഥിരമായി അടയാളപ്പെടുത്താതിരുന്നതാണ് വനം കൈയ്യേറ്റത്തിന് മുഖ്യമായും പ്രചോദനം നല്‍കിയത്. കേരള വനനിയമപ്രകാരം അതിരുകളില്‍ സര്‍വ്വേക്കല്ലുകള്‍ സ്ഥാപിച്ചിരുന്നെങ്കില്‍ക്കൂടിയും സ്ഥിരം അജണ്ടകള്‍ സ്ഥാപിക്കുവാനോ പുതിയ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാനോ വനംവകുപ്പിന് കഴിയാതെപോയി എന്നതും കേരളത്തില്‍ കയ്യേറ്റഭൂമിയുടെ വിസ്തൃതി വര്‍ദ്ധിക്കാന്‍ കാരണമായിത്തീര്‍ന്നു. കുടിയേറ്റവും കയ്യേറ്റവും തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും നിബിഡവനങ്ങള്‍ തെളിക്കപ്പെട്ടതിന്റെ പാരിസ്ഥിതിക അസന്തുലിതാവസ്ഥകള്‍ കേരളത്തിലുടനീളം അനുഭവപ്പെട്ടു തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. വന്യജീവികള്‍ക്ക് കാടിറങ്ങേണ്ടി വരുന്നതും ഈ തകര്‍ച്ചയുടെ ഒരു തുടര്‍ച്ചയായി തന്നെ വിലയിരുത്താം. 

 

ടെററിസമാകുന്ന ടൂറിസം

 

ആഗോള ടൂറിസം ഭൂപടത്തില്‍ ഇടം നേടിയിട്ടുള്ള കേരളത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത് പശ്ചിമഘട്ട മേഖലകളിലാണ്. സംരക്ഷിത വനവുമായോ വനാതിര്‍ത്തികളുമായോ പലവിധത്തിലും വിനോദസഞ്ചാരം ബന്ധപ്പെട്ടു കിടക്കുന്നു. കേരളത്തിന്റെ മാറുന്ന ജീവിതശൈലിയും യാത്രാസംവിധാനങ്ങളുടെ വര്‍ദ്ധനവും ഹരിതാഭമായ വനപ്രദേശങ്ങളിലെല്ലാം സഞ്ചാരികളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയാണ്. ടൂറിസ്റ്റുകളുടെ എണ്ണത്തിനൊപ്പം പെരുകുന്ന റിസോര്‍ട്ടുകളും കാടിന്റെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നു. വന്യജീവികളുടെ സ്വാഭാവിക ഇടങ്ങള്‍ ചുരുങ്ങിപ്പോകുന്നതിന് ഇതും കാരണമായിട്ടുണ്ട്. ചില റിസോര്‍ട്ടുകളും ടൂറിസം ഏജന്‍സികളും വാഗ്ദാനം ചെയ്യുന്ന “ടൈഗര്‍ ട്രെയില്‍ ട്രക്കിംഗ്” (കടുവയെ പിന്തുടര്‍ന്ന് ജീപ്പ് പോലുള്ള വാഹനങ്ങളില്‍ കാട്ടിനുള്ളിലേക്ക് പോകുന്ന നിയമവിരുദ്ധ പ്രവര്‍ത്തനം. തിരുനെല്ലി ഭാഗത്ത്ഇത് വ്യാപകമായി നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു) സാഹസിക ടൂറിസം രീതികള്‍ നേരിട്ടു തന്നെ വന്യജീവികള്‍ക്ക് ഭീഷണിയായി മാറുന്നു.

വേട്ടയാടലും ജെല്ലികെട്ടും.

 

മനുഷ്യന്റെ അമിതമായ കൈയേറ്റത്തെക്കുറിച്ചും മൃഗ തൃഷ്ണയെക്കാൾ അപകടകരമായ സ്വന്തം ലാഭത്തിന് വേണ്ടിയുള്ള വേട്ടയാടലിന്റെ രാഷ്ട്രീയം പറഞ്ഞ സിനിമയാണ് ജെല്ലികെട്ട്. അതിന് സമാനമായ രീതിയിലാണ് കേരളത്തിൽ നടക്കുന്ന വന്യ ജീവി വേട്ടയാടലുകൾ. കഴിഞ്ഞ ദിവസം തന്നെ നടന്ന ഗർഭണിയായ  കാട്ട് പോത്തിനെ വേട്ടയാടിയ സംഭവം തന്നെ മനുഷ്യന്റെ അതീ ഭീകരമായ മൃഗയാ വിനോദത്തിന്റെ ഭാഗമാണ്. ഇതിൽ ആരാണ് തെറ്റുകാർ. തീർച്ചയായും മനുഷ്യൻ തന്നെയാണ്. മനുഷ്യന് വിശന്നാൽ അവന് ഭക്ഷണം കഴിക്കാനും അത് ഉത്പാദിപ്പികാനും യാതൊരു വിഷമവുമില്ല. എന്നാൽ കാട്ടിൽ വസിക്കുന്ന കാട്ടിന്റെ സ്വഭാവികതയിൽ വസിക്കുന്ന വന്യ ജീവി കളോ. അവരുടെ ആവസ വ്യവസ്ഥയിൽ കടന്ന് കയറി അവരുടെ താമസവും ഭക്ഷണവും വെള്ളവും ഇല്ലാതാക്കി.വികസനം പ്രസംഗിക്കുന്നവർ എന്ത് കൊണ്ട് അത് കാണുന്നില്ല. കാട് കയറുന്ന മനുഷ്യന്റെ അത്യാഗ്രഹം ഇല്ലാതായങ്കിൽ മാത്രമേ ഇനി മനുഷ്യന് മുന്നോട്ട് ജീവിക്കാൻ കഴിയു എന്ന പാഠമാണ് നമ്മൾ പഠിക്കേണ്ടത്.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2