മലപ്പുറം: പി.സി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പിളര്‍ന്നു. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഭൂരിഭാഗം അംഗങ്ങളും ജനതാദളില്‍ (എസ്) ലയിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ദലിത്, ഈഴവ, ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം വേദനിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുകയും നിലപാടില്ലാത്ത രാഷ്ട്രീയം കളിക്കുകയും ചെയ്യുന്ന പി.സി. ജോര്‍ജിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പുതിയ കമ്മിറ്റിയുണ്ടാക്കിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പാര്‍ട്ടി ചെയര്മാന് ഇ.കെ. ഹസന്‍കുട്ടിയെയും മറ്റ് ഭാരവാഹികളെയും നീക്കിയാണ് പുതിയ കമ്മിറ്റി രൂപവത്കരിച്ചതെന്ന് അവര്‍ പറഞ്ഞു. പുതിയ ഭാരവാഹികളില്‍ മുഖ്യരക്ഷാധികാരിയായി നിലവിലെ മലപ്പുറം ജില്ല പ്രസിഡന്റ് അബ്ദുല്‍ റഹ്മാന് ഹാജി പാമങ്ങാടനെയും ചെയര്‍മാനായി പാലക്കാട് ജില്ല പ്രസിഡന്റായിരുന്ന ജയന് മമ്പ്രത്തെയും സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റായി സംസ്ഥാന ജന. സെക്രട്ടറിയായിരുന്ന ഖാദര്‍ മാസ്റ്ററെയും ജനറല്‍ സെക്രട്ടറിയായി കണ്ണൂര്‍ ജില്ല പ്രസിഡന്റായിരുന്ന എസ്.എം.കെ. മുഹമ്മദലിയെയും തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു.
ഞായറാഴ്ച മലപ്പുറം കിളിയമണ്ണില്‍ ഓഡിറ്റോറിയത്തില്‍ സംസ്ഥാന നേതൃസംഗമവും ജനതാദള്‍ (എസ്)ലേക്കുള്ള ലയനസമ്മേളനവും നടക്കും. ജനതാദള്‍ (എസ്) നേതാക്കളായ മാത്യു ടി. തോമസ്, മന്ത്രി കെ. കൃഷ്ണന് കുട്ടി, സി.കെ. നാണു തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ അബ്ദുറഹ്മാന് , എസ്.എം.കെ. മുഹമ്മദലി, കെ. സുരേഷ്, റോബിന് മൈലാട്, അബ്ദുറസാഖ് പെരുവള്ളൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം, പാര്‍ട്ടിയുമായി മാസങ്ങളായി ബന്ധമില്ലാത്തവരാണ് പുതിയ തീരുമാനവുമായി രംഗത്തുവന്നതെന്നും വാര്‍ത്തപ്രാധാന്യം മാത്രമാണ് ഇവരുടെ നീക്കത്തിന് പിന്നിലെന്നും പഴയ കമ്മിറ്റി തുടരുമെന്നും പി.സി. ജോര്‍ജ് എം.എല്‍.എ പറഞ്ഞു.

മലപ്പുറത്ത് കേരള ജനപക്ഷം പിളര്‍ന്നു, പിസി ജോർജിന്റെ പ്രതികരണം ഇങ്ങനെ
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2