തൃക്കരിപ്പൂർ: കാസർഗോഡ്‌ ജില്ലയിൽ കണ്ണൂരിനോട് അതിർത്തി പങ്കിടുന്ന മണ്ഡലമാണ് ​തൃക്കരിപ്പൂർ. ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ഡലമായ തൃക്കരിപ്പൂരിൽ സിപിഎം മാത്രമേ ജയിച്ചിട്ടുള്ളൂ. പക്ഷെ ഇത്തവണ തൃക്കരിപ്പൂരുകാർ മാറി ചിന്തിക്കുമോ എന്ന ആശങ്കയിലാണ് ഇടതുപക്ഷം. കേരളാ കോൺഗ്രസ് പ്രതിനിധിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ എംപി ജോസഫാണ് യുഡിഎഫ് സ്ഥാനാർഥി. കെ.എം മാണിയുടെ മരുമകനായ എംപി ജോസഫിൻ്റെ നിയമസഭയിലേയ്ക്കുള്ള കന്നി മൽസരമാണിത്. 1977ൽ ഐപിഎസും 78ൽ ഐഎഎസും നേടിയ അദ്ദേഹം തൃശൂർ സബ് കലക്ടർ, എറണാകുളം ജില്ലാ കലക്ടർ, അഡീഷണൽ ചീഫ് സെക്രട്ടറി, കൊച്ചി മേയർ, ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥൻ തുടങ്ങിയ പദവികൾ അലങ്കരിച്ച് ഭരണ മികവ് തെളിയിച്ചിട്ടുണ്ട്. യുകെയിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്ന് മാനവ വിഭവശേഷി വികസനത്തിൽ ബിരുദാനന്തര ബിരുദവും കൊച്ചിൻ സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റിയിൽ നിന്ന് സോളിഡ് സ്റ്റേറ്റ് ഫിസിക്സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

കേരളാ കോൺഗ്രസ് മലബാറിൽ മത്സരിക്കുന്ന ഏക സീറ്റായ തൃക്കരിപ്പൂർ ഇടതുകോട്ടയാണെങ്കിലും ഇത്തവണ എംപി ജോസഫിൻ്റെ വരവ് അനുകൂല തരംഗം വീശുന്നുണ്ട്. ആദ്യമായാണ് കേരളാ കോൺഗ്രസ് ഇവിടെ മൽസരിക്കുന്നതെങ്കിലും ഇത്തവണ അട്ടിമറി വിജയമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഇവിടെ മികച്ച മൽസരം കാഴ്ചവച്ചിരുന്നു. ഇതോടൊപ്പം സിറ്റിങ് എംഎൽഎയും ഇടതു സ്ഥാനാർഥിയുമായ എം.രാജഗോപാലിനെതിരെ സിപിഎമ്മിലെ ഒരു വിഭാഗം വിമത സ്വരമുയർത്തുന്നുണ്ട്. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ, മുൻ യുഎൻ യുഎൻ ഉദ്യോഗസ്ഥൻ, മുൻ കൊച്ചി മേയർ അങ്ങനെ ഭരണ മികവ് തെളിയിച്ച എം.പി ജോസഫ് മൽസരിക്കാൻ എത്തിയതോടെ ഇടതു ക്യാംപ് അങ്കലാപ്പിലാണ്.

ഇ.കെ നായനാർ, പി കരുണാകരൻ, ഒ ഭരതൻ തുടങ്ങിയ പ്രമുഖർ ഇവിടെ നിന്നും മത്സരിച്ചു ജയിച്ചിട്ടുണ്ട്. ചുവപ്പുകോട്ടയായ തൃക്കരിപ്പൂരിൽ പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജഗോപാൽ ഇവിടെ വിജയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഇടതുമുന്നണിയുടെ വോട്ടിൽ വലിയ ഇടിവ് സംഭവിച്ചതാണ് യുഡിഎഫിനുള്ള പ്രതീക്ഷ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2