ഹെലികോപ്ടർ അപകടത്തിൽ പെട്ട എം .എ യൂസഫലിയും ഭാര്യയും തുടർ ചികിത്സയ്ക്കായി  അബുദാബിയിലേക്ക് മടങ്ങി.അബുദാബി രാജകുടുംബം അയച്ച പ്രത്യക വിമാനത്തിലാണ് കൊച്ചിയില്‍ നിന്നും  ഇരുവരും അബുദാബിക്ക് മടങ്ങിയത്. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ പനങ്ങാട്ടെ ചതുപ്പില്‍ നിന്നും ഉയര്‍ത്തി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മാറ്റിയിട്ടുണ്ട്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതൃസഹോദരനെ കാണുവാനുള്ള യാത്രയ്ക്കിടെയാണ് യൂസഫലിയും ഭാര്യയും ഉള്‍പ്പെടെ ആറ് പേര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്. കനത്ത മഴയും കാറ്റും പ്രദേശത്ത് ഉണ്ടായിരുന്നു. യന്ത്രത്തകരാര്‍ കാരണമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയതെന്നായിരുന്നു പൈലറ്റിന്റെ മൊഴി. ഹെലികോപ്റ്റര്‍ ഇറക്കിയ സ്ഥലത്ത് വലിയ ആള്‍ക്കൂട്ടമുണ്ടായതിനാല്‍ രാത്രിയിലാണ് ഹെലികോപ്റ്റര്‍ ഇവിടെ നിന്നും മാറ്റിയത്.
ഡല്‍ഹിയില്‍ നിന്നെത്തിയ സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഏകദേശം നാല് മണിക്കൂറോളം നീണ്ട ദൗത്യത്തിനൊടുവിലാണ് ഹെലികോപ്റ്റര്‍ സ്ഥലത്ത് നിന്ന് നീക്കിയത്. പോലീസ് സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2