കോട്ടയം: സഞ്ചാരികളും സന്ദർശകരും ഇല്ലെങ്കിലും ആമ്പൽ പൂക്കൾ അവയുടെ അഴക് വിരിക്കുന്നു. കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് മുൻ വർഷങ്ങളിൽ ആമ്പൽ വിരിഞ്ഞത് കാണാൻ എത്തിയിരുന്ന സഞ്ചാരികൾ ഇന്ന് ഇല്ല. മലരിക്കലും, അമ്പാട്ട്കടവും തുടങ്ങി ആമ്പൽ നിറഞ്ഞു നിന്നിരുന്ന ഇടങ്ങളിൽ ഇപ്പോൾ ഒന്നോ രണ്ടോ പേർമാത്രമായി ചുരുങ്ങി. ആമ്പൽപ്പൂ പാടങ്ങളെ ആശ്രയിച്ചുകഴിയുന്നവരും, ചെറുവള്ളങ്ങൾ ഉള്ളവരും പ്രതിസന്ധിയിലായി. സന്ദർശകർ കുറവായതിനാൽ ഓണക്കാലവും വിഫലമായി.

കണ്ണെത്താദൂരത്തോളം പടർന്നുകിടക്കുന്ന പനച്ചിക്കാട് അമ്പാട്ടുകടവ്, മലരിക്കൽ, കുറിച്ചി, തൃക്കോതമംഗലം, ആർപ്പുക്കര എന്നിവിടങ്ങളിലെ പാടങ്ങൾ കാണാൻ ഇന്ന് ആരുമില്ല എന്ന സ്ഥിതിയാണ്. ഓഗസ്റ്റ് മുതലാണ് സഞ്ചാരികൾ എത്തുന്നത് ഒക്ടോബർ വരെയാണ് സഞ്ചാരികളുടെ ഒഴുക്ക്. എന്നാൽ ഇത്തവണ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു സീസൺ എത്തിയിട്ടും കൊവിഡ് രോഗവ്യാപനം ഇരുട്ടടിയായി. കാഴ്ചക്കാരുടെ മനം നിറയ്ക്കുന്ന ആമ്പൽ പൂക്കളെ അടുത്ത് കാണാൻ സഞ്ചാരികളെ വള്ളത്തിൽ എത്തിക്കാനും പൂക്കൾ പറിച്ചു നൽകി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന അനവധി പേരാണ് ഇവിടെയുള്ളത്. നാട്ടു സഞ്ചാരികൾ പോലും കുറവായി. മുൻവർഷങ്ങളിൽ ആമ്പൽ കാഴ്ചകൾ കാണാൻ ആമ്പൽ ഫെസ്റ്റ് നടത്തിയിരുന്നു. അന്യജില്ലകളിൽ നിന്നും അന്യദേശങ്ങളിൽ നിന്നുപോലും ആമ്പൽ പൂക്കൾ കാണാൻ എത്തിയിരുന്നു.

 

വിരിഞ്ഞു നില്ക്കുന്ന ആമ്പൽ പാടങ്ങൾ കാണുന്നതിനായി പുലർച്ചെ തന്നെ സ്ഥലങ്ങളിൽ എത്തണം. ഇതിനായി ദിവസങ്ങൾക്ക് മുൻപും ബന്ധുവീടുകളിലും തങ്ങിയിരുന്നവർ വരെയുണ്ടായിരുന്നു. കൂടാതെ, സഞ്ചാരികളുടെ സന്ദർശന സ്ഥലങ്ങളിൽ ആമ്പൽപാടങ്ങൾ ഇടം നേടുകയും ചെയ്തിരുന്നു.

വലിയ തോതിലുള്ള ഗതാഗതക്കുരുക്കും ഇവിടെ അനുഭവപ്പെട്ടിരുന്നു. കല്യാണ വീഡിയോകൾ, ഫോട്ടോഷൂട്ടുകൾ, പരസ്യങ്ങൾ എന്നിവ ചെയ്യുന്നതിനായി ആമ്പൽ പാടം പുതിയ ലൊക്കേഷനായാ മാറുകയും ചെയ്തിരുന്നു. കല്യാണ ഷൂട്ടുകളും സേവ് ദ ഡേറ്റ് എന്നിവ ചെയ്യുന്നതിന് മാത്രമായി ചുരുക്കം ചിലർ എത്താറുണ്ട്.

നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ പ്രവർത്തനങ്ങൾ ഏറെ വിജയം കണ്ടിരുന്നു പുതിയ സാഹചര്യത്തിൽ അത്തരം പ്രവർത്തനങ്ങൾ ഇത്തവണ വൈകാൻ ആണ് സാധ്യത. ഒരുമിച്ച് നില്ക്കുന്ന ആമ്പൽ പൂക്കളുടെ അഴക് കാണാൻ വിരലിൽ എണ്ണാവുന്ന സന്ദർശകർ മാത്രമാണ് ഇന്ന് ആമ്പൽപാടങ്ങളിൽ എത്തുന്നത്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2