പാലാ : ‘നോക്കി നില്‍ക്കാതെ ഷെയറിടുന്നുണ്ടോ’ പാലാ ബിവറേജിന് സമീപം റോഡരുകില്‍ പ്ലാസ്റ്റിക് ഗ്ലാസുകളും വെള്ളവുമായി പരസ്യമായി രണ്ടെണ്ണം വീശി നില്‍ക്കുന്നതിനിടെ അടുത്തു വന്നു നിന്ന ചെറുപ്പക്കാരനോടായിരുന്നു ടിപ്പര്‍ ലോറി ഡ്രൈവറുടെ ചോദ്യം. ഇളം നീല ഷര്‍ട്ടും, കറുപ്പ് ജീന്‍സും വള്ളിച്ചെരിപ്പുമിട്ട ചെറുപ്പക്കാരനൊപ്പം കരീനീല ടീ ഷര്‍ട്ടും പാന്റും ഷൂവും ധരിച്ച മറ്റൊരാളുമുണ്ടായിരുന്നു. ‘ഷെയര്‍ ഇട്ടാല്‍ രണ്ടു പേര്‍ക്കും, എന്റെ കൂടെ കൂടാം. ഇതു കഴിഞ്ഞ് നമുക്കൊരു ചെറുതുകൂടി വാങ്ങാം. വീണ്ടും ഡ്രൈവറുടെ പ്രലോഭനം.

പൊലീസെങ്ങാന്‍ വന്നാലോ, നീല ഷര്‍ട്ടുകാരന് ആധി. ‘ഇവിടെ ഒരുത്തനും വരില്ല, ധൈര്യമായിരിക്ക്, ഞാനല്ലേ പറയുന്നത് ‘ ടിപ്പര്‍കാരന്‍ ഇതു പറഞ്ഞു വാ മുറുക്കും മുമ്ബ് ഈ ചെറുപ്പക്കാരുടെ ‘പിടിയിലായി ”! ഇളം നീല ഷര്‍ട്ടുകാരന്‍ പാലാ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.പി. ടോംസണ്‍, കരിനീല ടീ ഷര്‍ട്ടുകാരന്‍ എസ്.ഐ എം.ഡി.അഭിലാഷും. വേഷം മാറിയെത്തിയ പൊലീസ് സംഘത്തിന്റെ പിടിയിലായത് തൊടുപുഴക്കാരനായ ടിപ്പര്‍ ലോറി ഡ്രൈവര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സാമൂഹ്യ വിരുദ്ധരെ പിടികൂടാന്‍ പാലാ ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘ഓപ്പറേഷന്‍ ആസ്പ്’ ന്റെ ഭാഗമായാണ് ടോംസണും, അഭിലാഷും, സ്‌ക്വാഡംഗങ്ങളായ ഷെറിന്‍, അരുണ്‍ ചന്ദ്, ശ്യാം, രഞ്ജിത്ത് എന്നിവരും മഫ്തിയില്‍ നഗരത്തിലിറങ്ങിയത്. ആദ്യം കുടുങ്ങിയതാകട്ടെ ഇയാളും. പെറ്റിക്കേസുമെടുത്തു.
നഗരത്തിലെ ബസ് സ്റ്റാന്‍ഡുകളിലും, ബിവറേജ് വില്‍പ്പന കേന്ദ്ര പരിസരങ്ങളിലും, സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും വിഹാരകേന്ദ്രങ്ങളാണ്. ഇവര്‍ തമ്മിലുള്ള വാക്കേറ്റവും കൈയ്യാങ്കളിയും അസഭ്യവര്‍ഷവും പതിവായിരുന്നു. ഓപ്പറേഷന്റെ ആദ്യ ദിനത്തില്‍ ബസ് സ്റ്റാന്‍ഡുകള്‍, ബിവറേജ് ഔട്ട്‌ലെറ്റുകള്‍, സിവില്‍ സ്റ്റേഷന്‍, ജനറല്‍ ആശുപത്രി, ബസ് സ്റ്റോപ്പുകള്‍, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്, മെയിന്‍ റോഡ്, മാര്‍ക്കറ്റ് ഭാഗം എന്നിവടങ്ങളിലാണ് പൊലീസ് നിരീക്ഷണം നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക