പാലക്കാട്‌ : ഓണ്‍ലൈന്‍ പേയ്‌മെന്റ്‌ നടത്തി ബിവറേജസ്‌ ഔട്ട്‌ലെറ്റുകള്‍ വഴി മദ്യം വാങ്ങാനുള്ള സംവിധാനം മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ടു നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം കാറ്റില്‍പറത്തുമെന്ന്‌ ആശങ്ക. ആദ്യ ലോക്ക്‌ഡൗണിനുശേഷം ആലോചിച്ച ഓണ്‍ലൈന്‍ മദ്യവില്‍പ്പനയിലേക്കുള്ള നീക്കത്തിന്റെ ആദ്യപടിയാണിതെന്ന്‌ ആക്ഷേപമുണ്ട്‌.
കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ കയറി ഇഷ്‌ടമുള്ള ബ്രാന്‍ഡിന്‌ പണമടച്ച്‌ ഇ-രസീതുമായി ഔട്ട്‌ലെറ്റിലെത്തി മദ്യം വാങ്ങുന്നതാണു പുതിയ പദ്ധതി. തിരുവനന്തപുരത്ത്‌ പരീക്ഷണാടിസ്‌ഥാനത്തിലാണ്‌ ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്‌. നിലവില്‍ 23 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക്‌ മദ്യം വില്‍ക്കാന്‍ പാടില്ലെന്നാണു ചട്ടം.പണവുമായി നേരിട്ട്‌ കൗണ്ടറിലെത്തുന്നവരില്‍ പ്രായം സംശയം തോന്നുന്നവരെ ഔട്ട്‌ലെറ്റ്‌ ജീവനക്കാര്‍ തിരിച്ചയയ്‌ക്കാറാണു പതിവ്‌.
പുതിയ സമ്ബ്രദായത്തില്‍ പണമടച്ച രസീതുമായി വരുന്നയാളെ വെറുംകൈയോടെ മടക്കാന്‍ ജീവനക്കാര്‍ക്ക്‌ കഴിയില്ല. നേരത്തെ ഓണ്‍ലൈന്‍ ടോക്കണ്‍ സമ്ബ്രദായത്തില്‍ ഫോണ്‍ നമ്ബറും പിന്‍കോഡും നല്‍കിയാണ്‌ ബുക്ക്‌ ചെയ്‌തിരുന്നത്‌. ടോക്കണുമായി വരുന്നവര്‍ക്ക്‌ അനുവദിച്ച സമയവും ഔട്ട്‌ലെറ്റും മാത്രം പരിശോധിച്ചാണ്‌ അന്ന്‌ മദ്യം വിറ്റത്‌. ഇനി പണംകൂടി അടച്ചെത്തിയാല്‍ പ്രായം നോക്കാതെ തെരഞ്ഞെടുത്ത ബ്രാന്‍ഡ്‌ തെറ്റാതെ നല്‍കലാവും പണി.
ഒരാള്‍ക്ക്‌ പരമാവധി നല്‍കാവുന്ന മൂന്ന്‌ ലിറ്ററില്‍ കൂടുതല്‍ മദ്യത്തിനായി വീണ്ടും വരിനിന്ന്‌ എത്തുന്നവരെ തിരിച്ചയക്കും പോലെ ഓണ്‍ലൈനില്‍ പണമടച്ച്‌ വരുന്നവര്‍ക്ക്‌ നല്‍കാതിരിക്കാനാവില്ല. ബാറുകള്‍ മദ്യവില്‍പ്പന നിര്‍ത്തിയതും ടി.പി.ആര്‍. കൂടുതലുള്ള മേഖലകളിലെ ബീവറേജസ്‌ ഔട്ട്‌ലെറ്റുകള്‍ അടച്ചതുമാണ്‌ ശേഷിക്കുന്നയിടങ്ങളില്‍ തിരക്ക്‌ കൂട്ടിയത്‌. പാലക്കാട്‌ ജില്ലയില്‍ 21 ഔട്ട്‌ലെറ്റുകളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്‌ എട്ടെണ്ണം.
പാലക്കാട്‌ വെയര്‍ഹൗസിന്‌ കീഴില്‍ 12 ഔട്ട്‌ലെറ്റുകളില്‍ നഗരത്തില്‍ ഐ.എം.എ. ജങ്‌ഷനിലെ രണ്ടെണ്ണവും കൊപ്പം ബൈപാസ്‌ ജങ്‌ഷനിലെയും ടൗണ്‍ ബസ്‌ സ്‌റ്റാന്‍ഡിന്‌ സമീപത്തെയും ഓരോന്നുവീതവുമാണ്‌ തുറക്കുന്നത്‌. മേനോന്‍പാറ വെയര്‍ഹൗസിന്‌ കീഴിലുള്ള ഒമ്ബതെണ്ണത്തില്‍ കൊടുവായൂര്‍, കൊല്ലങ്കോട്‌, ആലത്തൂര്‍, താണാവ്‌ എന്നിവയിലെ വില്‍പ്പനയുള്ളു. 25 ലക്ഷംവിറ്റുവരവുള്ള ഔട്ട്‌ലെറ്റുകളില്‍ മൂന്ന്‌ കൗണ്ടര്‍ തുറക്കാനാണ്‌ നിര്‍ദേശം. തിരക്കുനോക്കി കൗണ്ടര്‍ കൂട്ടാനുള്ള അടിസ്‌ഥാന സൗകര്യം ഒരിടത്തുമില്ല.
ടി.പി.ആര്‍. കൂടുതലുള്ള മേഖലകളില്‍ ഔട്ട്‌ലെറ്റ്‌ അടച്ചതോടെ അവിടെയുള്ള ആവശ്യക്കാര്‍ മറ്റു സ്‌ഥലങ്ങളിലെ ഔട്ട്‌ലെറ്റുകളിലേക്ക്‌ എത്തുന്നുണ്ട്‌. ഇത്‌ വിപരീത ഫലം ചെയ്യും.
തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ അടച്ചപ്പോള്‍ പാലക്കാട്‌ ജില്ലയിലെ ഔട്ട്‌ലെറ്റുകളില്‍ കിലോ മീറ്ററുകള്‍ നീണ്ട വരിയായി. ഇവരെ സാമൂഹിക അകലം പാലിച്ച്‌ നിര്‍ത്താന്‍ കഴിയാതെ പോലീസും കുഴങ്ങി. ടോക്കണ്‍ സമ്ബ്രദായമാക്കി പോലും തിരക്ക്‌ നിയന്ത്രിക്കാന്‍ ശ്രമിക്കാതെയാണിപ്പോള്‍ കോര്‍പ്പറേഷന്‍ ഓണ്‍ലൈന്‍ പേയ്‌മെന്റുമായി വരുന്നത്‌.