കോൺഗ്രസിൽ നെഹ്‌റു കുടുംബത്തിന്റെ നേതൃത്വത്തിനെതിരായി വീണ്ടും കത്ത്. കുടുംബത്തിന്റെ താത്പര്യത്തിന് മുകളിലേക്ക് നേതൃത്വം വളരണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിൽ നിന്നുള്ള നേതാക്കളാണ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കത്ത് നൽകിയത്. ഇതുവരെയുള്ള ഗറില്ലാ യുദ്ധ തന്ത്രം കോൺഗ്രസിലെ വിമതർ ഉപേക്ഷിക്കുകയാണ്. സോണിയാ ഗാന്ധിക്കും കുടുംബത്തിനും എതിരായ നീക്കങ്ങൾ പരസ്യമാക്കുകയാണ് വിമതർ. കത്ത് എഴുതിയതിനെ പിന്തുണച്ച ഉത്തർപ്രദേശിലെ നേതാക്കൾക്ക് എതിരെ പാർട്ടി കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു.

ഇതിലെ ഒൻപത് പ്രധാന നേതാക്കളാണ് സോണിയ ഗാന്ധിക്ക് വീണ്ടും കത്ത് നൽകിയത്. കുടുംബത്തിന്റെ താത്പര്യത്തിന് മുകളിലേക്ക് നേതൃത്വം വളരണമെന്നാണ് പ്രധാന ആവശ്യം. ഇങ്ങനെ ആണെങ്കിൽ പാർട്ടിയിൽ പ്രവർത്തകർ ഉണ്ടാകില്ലെന്ന് കത്ത് വ്യക്തമാക്കുന്നു. ഉത്തർപ്രദേശിന്റെ ചുമതലയുള്ള പ്രിയങ്കാ ഗാന്ധിയേയും കത്ത് രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്.

പ്രിയങ്കയ്ക്ക് ഒരുകാലത്തും ഇന്ദിരാ ഗാന്ധിയാകാൻ സാധിക്കില്ലെന്നാണ് നിരീക്ഷണം. അതേസമയം ആദ്യ കത്ത് എഴുതിയവരെ അകറ്റി നിർത്തി സംസ്ഥാന തല പാർട്ടി സമിതികളുടെ രൂപീകരണ നടപടികൾ സോണിയാ ഗാന്ധി വേഗത്തിലാക്കി. ഉത്തർപ്രദേശിൽ രൂപീകരിച്ച സമിതിയിൽ മുതിർന്ന നേതാക്കളായ ജിതിൻ പ്രസാദയെയും രാജ് ബബ്ബാറിനെയും ഉൾപ്പെടുത്തിയില്ല. 2022ലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇന്നലെ നാല് സമിതികൾ ആണ് പ്രഖ്യാപിച്ചത്. മറ്റ് സംസ്ഥാനങ്ങളിലും പുനഃസംഘടന നാമനിർദേശം വഴി തുടരാനാണ് കോൺഗ്രസ് അധ്യക്ഷയുടെ തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2