ന്യൂഡൽഹി: ലാവലിൻ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ച്ചത്തേക്ക് മാറ്റിവെച്ച് സുപ്രീം കോടതി. ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ഇനി ലാവലിൻ കേസ് മാറ്റിവെക്കാൻ അഭിഭാഷകർ ആവശ്യപ്പെടരുതെന്ന് കോടതി നിർദ്ദേശം നൽകി.
കൂടുതൽ രേഖകൾ സമർപ്പിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എ ഫ്രാൻസിസ് കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടത്. ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പ് മുൻ സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ, ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് പിന്നാലെ കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും അതുവഴി 86.25 കോടിയുടെ നഷ്ടം ഉണ്ടായെന്നുമാണ് കേസ്.
സിബിഐ ആവശ്യ പ്രകാരം നേരത്തെ ഇരുപത്തിയാറ് തവണ കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു. രേഖകൾ സമർപ്പിക്കാനുള്ളതിനാൽ ഹർജി പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നായിരുന്നു ഇത്രയും കാലം സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2