ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച്‌ യുഎസ് കമ്ബനിയുമായി ധാരണാപത്രം ഒപ്പിട്ട സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച്‌ ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍. കടലിനെ വില്‍ക്കുകയും മോഷ്ടിക്കുകയും ചെയ്യുന്നു. വ്യവസായ, ഫിഷറീസ് വകുപ്പുകള്‍ കുറ്റകരമായ രീതിയിലാണ് പ്രവര്‍ത്തിച്ചത്. അവര്‍ ശ്രദ്ധിച്ചത് വേറെ കാര്യമാണ്. മത്സ്യത്തൊഴിലാളികളുടെ കാര്യം അവര്‍ വിസ്മരിച്ചുപോയെന്നും കൗണ്‍സില്‍ യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബിഷപ്പ് ജോസഫ് കരിയില്‍ പറഞ്ഞു.

ഓരോ കാര്യത്തെക്കുറിച്ചും പഠിച്ച്‌ ചെയ്യണം. ഈ കരാറുകളുടെ കാര്യത്തില്‍ വ്യവസായ വകുപ്പും ഫിഷറീസ് വകുപ്പും കുറ്റകരമായ രീതിയില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ പേരില്‍ കുറ്റംപറഞ്ഞ് രക്ഷപെടാന്‍ നോക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത്തരം ഉദ്യോഗസ്ഥന്മാര്‍ ചെയ്യുന്ന പൊല്ലാപ്പുകള്‍ ഒരു വര്‍ഷത്തിലേറെയായി നാട്ടില്‍ കേട്ടുകൊണ്ടിരിക്കുന്നതാണ്. അധിക ശ്രദ്ധ വേണ്ടുന്ന മേഖലയായിരുന്നിട്ടുകൂടി അവര്‍ ശ്രദ്ധിച്ചില്ല. അവര്‍ ശ്രദ്ധിച്ചത് വേറെ കാര്യമാണ്. നമ്മുടെ കാര്യം അവര്‍ വിസ്മരിച്ചുപോയി. എന്നിട്ട് ഒന്നും ഉണ്ടായില്ല, ഒന്നും നടന്നിട്ടില്ല എന്ന് ഓരോ ദിവസും നുണ പറയുന്നു. അതിന്റെ ഓരോ വശങ്ങള്‍ പുറത്തുവരുന്നതനുസരിച്ച്‌ അവയെല്ലാം വലിയൊരു നുണയായി രൂപാന്തരപ്പെടുകയും ഒടുവില്‍ നിരവധി കരാറുകള്‍ ഉണ്ടായിട്ടുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു.

നിങ്ങള്‍ തെളിവ് കൊണ്ടുവരികയെന്ന മന്ത്രിയുടെ പ്രസ്താവനയാണ് ഏറ്റവും കൗതുകകരമായി തോന്നിയത്. പ്രതിപക്ഷ നേതാവിന്റെ കൈയില്‍ തെളിവുണ്ടെങ്കില്‍ അത് സ്വകാര്യ കാര്യമാണ്. അത് കൊടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അയാളാണ് തീരുമാനിക്കേണ്ടത്. കരാര്‍ ഒന്നും നടക്കുന്നില്ലെങ്കില്‍, അത് ഞങ്ങളുടേയും കൂടെ അവകാശമാണ്. അത് നേരിട്ട് അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ അപ്പുറത്തേക്ക് പന്തിടുന്ന രീതി വളരെ പരിഹാസ്യമാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2