കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഔട്ടായതിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത ലതിക സുഭാഷിൻ്റെ അവസ്ഥ വേദനിപ്പിച്ചുവെന്ന് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. ലതികയ്ക്കുണ്ടായ അവസ്ഥയിൽ വിഷമമുണ്ട്, ലതികയെ അങ്ങനെ കണ്ടപ്പോൾ എനിക്കെൻ്റെ സ്വന്തം അമ്മയെ ആണ് ഓർമ വന്നതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
‘ലതിക സുഭാഷ് എന്നെക്കാള്‍ പ്രായത്തില്‍ ചെറുപ്പമാണ്. എന്റെ അമ്മയെ അവസാനമായി ഞാന്‍ കാണുന്നത് മുടി മുഴുവന്‍ മുറിച്ചിട്ടാണ്. അതുകൊണ്ട് തന്നെ വളരെ വിഷമം തോന്നി. 33 ശതമാനം സംവരണത്തിന് വേണ്ടി കേരളത്തില്‍ നിന്നുള്ള ഒരു എം.പിക്ക് പോലും പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കാന്‍ ഇനി കഴിയില്ല. രാജ്യ സഭാ എം.പി എന്ന നിലയിലുള്ള കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ജനം വിലയിരുത്തട്ടെയെന്നും’ സുരേഷ് ഗോപി പറഞ്ഞു.
മത്സരരംഗത്തേക്ക് വരാന്‍ താതപര്യമില്ലായിരുന്നുവെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി തീരുമാനത്തെ അനുസരിക്കുകയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”വിശ്രമം ആവശ്യമാണ്. കോവിഡ് വാക്‌സിന്‍ എടുത്തതിന് ശേഷമേ പ്രചാരണത്തിന് തൃശ്ശൂരില്‍ എത്താനാകു. അതിന് ആദ്യം വാക്‌സിന്‍ എടുക്കാനുള്ള ആരോഗ്യ സ്ഥിതിയിലേക്ക് എത്തണം. മത്സരിക്കേണ്ട എന്നു തന്നെയാണ് ഇപ്പോഴും നിലപാട്. നേതാക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് മത്സരിക്കുന്നത്. പാര്‍ട്ടി നാല് മണ്ഡലങ്ങളാണ് മുന്നോട്ട് വെച്ചത്. പക്ഷേ ഞാന്‍ എന്റെ നേതാക്കളോട് അവര്‍ പറയുന്ന എവിടെയും നില്‍ക്കാമെന്ന് പറഞ്ഞു. പക്ഷേ പ്രധാനമന്ത്രിക്ക് ഞാന്‍ തൃശ്ശൂരില്‍ തന്നെ നില്‍ക്കണമെന്നായിരുന്നു ആഗ്രഹം”- സുരേഷ് ഗോപി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2