സ്വന്തം ലേഖകൻ

കോട്ടയം: ലതിക ചേച്ചി , നിങ്ങൾ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരെ ഓർത്തില്ലല്ലോ. പ്രവാസിയായ കോൺഗ്രസ് പ്രവർത്തകൻ്റെ കുറിപ്പ് വൈറലായി മാറുന്നു. ലതികാ സുഭാഷിന് സൗദിയിലെ ഒ.ഐ.സി.സി നേതാവാണ് ഇപ്പോൾ തുറന്ന കത്തയച്ചിരിക്കുന്നത്.

ആ കത്ത് ഇങ്ങനെ

ലതികാ സുഭാഷിന് സൗദിയിലെ ഒ.ഐ.സി.സി നേതാവിന്റെ തുറന്ന കത്ത്. പ്രിയപ്പെട്ട ലതിക ചേച്ചി അറിയുന്നതിന്,

നല്ല പെരുമാറ്റം കൊണ്ട്‌ എന്റെ മനസ്സിൽ ഇടം നേടിയ ചേച്ചിയുടെ ഇന്നത്തെ വിഷമം മനസ്സിലാക്കുന്നു പക്ഷേ അല്പം കൂടി പക്വത കാണിച്ചിരുന്നു എങ്കിൽ നല്ലത് എന്ന് തോന്നി. ചേച്ചിക്ക് ഏറ്റുമാനൂര്‍ സീറ്റ് കിട്ടും എന്ന് കരുതി പക്ഷേ അത് കേരളാ കോണ്‍ഗ്രസിന് നല്‍കേണ്ടി വന്നു. ചേച്ചി വഹിക്കുന്ന പദവി അതിലും ഒക്കെ എത്രയോ വലുതാണ്.

ഒരു നിമിഷത്തെ വികാര പ്രകടനം കൊണ്ട്‌ എല്ലാം മറന്ന് പോയി അല്ലേ?
ഒരു സ്ഥാനവും പ്രതീക്ഷിക്കാതെ ഇന്ത്യൻ നാഷനൽ കോണ്‍ഗ്രസിന് വേണ്ടി എത്രയോ വര്‍ഷങ്ങളായി പ്രവർത്തിക്കുന്ന നമ്മുടെ പ്രവർത്തകരെ ചേച്ചി മറന്നു പോയി… കോണ്‍ഗ്രസ്സിന് വേണ്ടി ജീവ ത്യാഗം ചെയ്ത പ്രവർത്തകരെ ചേച്ചി മറന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി വരെ നല്‍കിയ നമ്മുടെ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ ചേച്ചി മറന്നു പോയി.

കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമ്പോൾ വനിതാ കമ്മീഷന്‍ അധ്യക്ഷ ആയി വരേണ്ടത് ചേച്ചി ആയിരുന്നു. നല്ല അറിവും അനുഭവ സമ്പത്തും ഉള്ള ചേച്ചിയെ ഉപദേശിക്കുന്നു എന്ന് തോന്നരുത്. എന്റെ വേദന കൊണ്ട് ഇത്രയും എഴുതി എന്ന് മാത്രം. വികാരത്തിന് അടിമപ്പെട്ട് വളർത്തി വലുതാക്കിയ കോണ്‍ഗ്രസ്സിന് തലമുടിയുടെ വില നല്‍കിയത് അപമാനം തന്നെയാണ്.

പീഡനത്തിനു ഇരയായി കൊല ചെയ്യപ്പെട്ട മക്കളെ നഷ്ടമായി നീതിക്ക് വേണ്ടി പോരാടുന്ന വാളയാര്‍ അമ്മയ്ക്ക് ഒപ്പം അന്ന് തല മുണ്ഡനം ചെയ്തിരുന്നു എങ്കിൽ കേരളം മുഴുവന്‍ ചേച്ചിക്ക് പിന്തുണ നല്‍കിയേനേ…

ഇന്നത്തെ നടപടി സമൂഹത്തിന്‌ മുന്‍പില്‍ തെറ്റായ സന്ദേശം നല്‍കി. ദയവായി തെറ്റ് തിരുത്തി പൊതു പ്രവർത്തനത്തില്‍ വീണ്ടും സജീവമാവുക.

ഒത്തിരി സ്നേഹത്തോടെ ആദരവോടെ
ചേച്ചിയുടെ അനുജന്‍ പ്രമോദ്‌. ജനറല്‍ സെക്രട്ടറി ഒ.ഐ.സി.സി ബുറൈദ സെന്‍ട്രല്‍ കമ്മിറ്റി. സൗദി അറേബ്യ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2