ഗ്രൂപ്പുകള്‍ക്ക് അതീതമായി മാറ്റം സൃഷ്ടിക്കുമെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും വാക്കുകള്‍ പാഴാകുമോയെന്ന ആശങ്കയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പുതിയ നേതൃത്വം വന്നിട്ടും ഡിസിസി പുനസംഘടനയടക്കം അനിശ്ചിതമായി നീളുന്നതാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ നശിക്കാന്‍ കാരണമാകുന്നത്. അതിനിടെ പഴയ പടക്കുതിരകളെ തന്നെ ഡിസിസിയുടെ തലപ്പത്ത് അവരോധിക്കാനുള്ള നീക്കം തകൃതിയായി നടത്തുകയാണ് ഗ്രൂപ്പു നേതൃത്വം.

അതില്‍ പുതിയ നേതൃത്വവും വീണുപോയിട്ടുണ്ടോ എന്ന ആശങ്ക പാര്‍ട്ടിയില്‍ ശക്തമാണ്. ഡിസിസി പുനസംഘടനാ ചര്‍ച്ചകളില്‍ നിന്നും പ്രത്യക്ഷത്തില്‍ മുതിര്‍ന്ന നേതാക്കള്‍ മാറി നില്‍ക്കുകയാണ്. എന്നാല്‍ ഇവര്‍ സ്വന്തം ഗ്രൂപ്പില്‍പ്പെട്ട നേതാക്കള്‍ക്കുവേണ്ടി ആവശ്യത്തിന് വാ തുറക്കുന്നുമുണ്ട്. ഇതോടെ ഗ്രൂപ്പില്‍പ്പെട്ട യുവാക്കളും ഗ്രൂപ്പില്ലാത്ത നേതാക്കളുമൊക്കെ ഇത്തവണയും തഴയപ്പെടുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സുധാകരനും സതീശനും നേതൃതലത്തിലേക്ക് വന്നപ്പോഴേക്കും യുവാക്കള്‍ വലിയ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇരുവരും ഈ ഗ്രൂപ്പു സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെടുന്നുവെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. ഇതോടെ യുവാക്കളുടെ പ്രതീക്ഷ അസ്തമിക്കുകയാണ്. ഇരു ഗ്രൂപ്പുകളും ഡിസിസി അധ്യക്ഷ സ്ഥാനത്തക്കേ് ചില പേരുകള്‍ ഇതിനകം മുമ്പോട്ടു വച്ചിട്ടുണ്ട്. തൃശൂരില്‍ പത്മജാ വേണുഗോപാലിനു വേണ്ടിയാണ് ഐ ഗ്രൂപ്പ് കളത്തിലുള്ളത്. ഇതു അംഗീകരിക്കാന്‍ എ ഗ്രൂപ്പ് മറ്റു ചില നിബന്ധനകള്‍ കൂടി വയ്ക്കുന്നുണ്ട്.

കോട്ടയത്ത് എ ഗ്രൂപ്പ് മുമ്പോട്ടു വയ്ക്കുന്ന പേരുകള്‍ കെസി ജോസഫിന്റെയും ചാണ്ടി ഉമ്മന്റെയുമാണ് എന്ന രീതിയിലും ഇപ്പോൾ വാർത്തകൾ പുറത്തു വരുന്നുണ്ട്. മത്സരിക്കാതെ മാറിനിന്ന കെസി ജോസഫിന് ഏതെങ്കിലും ഒരു സ്ഥാനം നല്‍കിയേ തീരൂ എന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി എന്നാണ് കെ സി ക്ക് വേണ്ടി വാദിക്കുന്നവർ പറയുന്നത്. ഇനി കെസിക്ക് സ്ഥാനം കിട്ടിയില്ലെങ്കില്‍ കോട്ടയത്ത് ചാണ്ടി ഉമ്മന്‍ തന്നെ വരട്ടെ എന്ന നിലപാടും എ ഗ്രൂപ്പില്‍ ഒരു വിഭാഗത്തിനുണ്ട്.

തിരുവനന്തപുരത്ത് രവിമാരുടെ പേരുകളാണ് എ ഗ്രൂപ്പ് മുമ്പോട്ടുവയ്ക്കുന്നത്. പാലോട് രവിയും തമ്പാനൂര്‍ രവിയും ഡിസിസി അധ്യക്ഷസ്ഥാനം മോഹിക്കുന്നുണ്ടെങ്കിലും പാലോട് രവിക്കാണ് അല്‍പ്പം മുന്‍തൂക്കം. എന്നാല്‍ വിഎസ് ശിവകുമാറിന്റെ പേരുമായി ഐ ഗ്രൂപ്പും അവകാശവാദമുയര്‍ത്തുന്നുണ്ട്. കൊച്ചിയില്‍ മുഹമ്മദ് ഷിയാസിന്റെ പേര് നിര്‍ദേശിച്ചത് വിഡി സതീശനാണ്. ഷിയാസിന്റെ പേരുയര്‍ന്നതോടെ ഇദ്ദേഹത്തിനെതിരെ പരാതികളുടെ പ്രവാഹമാണ് ഇപ്പോള്‍. അതേസമയം ഐ ഗ്രൂപ്പ് എന്‍ വേണുഗോപാലിന്റെ പേരാണ് മുമ്പോട്ടു വയ്ക്കുന്നത്.

കണ്ണൂരില്‍ സ്വന്തം നോമിനിയായി കെ സുധാകരന്‍ മുമ്പോട്ടു വയ്ക്കുന്നത് സുമ ബാലകൃഷ്ണന്റെ പേരാണ്. എന്നാല്‍ ഇതിനോട് കണ്ണൂരില്‍ ഗ്രൂപ്പുവ്യത്യാസമില്ലാതെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. സോണി സെബാസ്റ്റിയനെയോ മാര്‍ട്ടിന്‍ ജോര്‍ജിനെയോ അധ്യക്ഷനാക്കണമെന്നാണ് ആവശ്യം. കോഴിക്കോട് ആദ്യ പട്ടികയിലുണ്ടായിരുന്ന കെപി അനില്‍കുമാര്‍ ഏതാണ്ട് പുറത്തായ മട്ടാണ്. എന്‍ സുബ്രമണ്യനെ ഡിസിസി പ്രസിഡന്റാക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. മലപ്പുറത്ത് കെ ബാബുരാജിന്റെ പേര് ഉയര്‍ത്തി കെസി വേണുഗോപാല്‍ വിഭാഗവും രംഗത്തുണ്ട്.

കാസര്‍കോട് ഖാദര്‍ മങ്ങാടിനാണ് മുന്‍തൂക്കം. വയനാട് പിന്നാക്കവിഭാഗത്തില്‍ നിന്നും തന്നെ പ്രതിനിധി വേണമങ്കില്‍ പികെ ജയലക്ഷ്മി തന്നെ വന്നേക്കാം. അതല്ലെങ്കില്‍ കെകെ എബ്രഹാമിനോ, ടിജെ ഐസക്കിനോ സാധ്യതയുണ്ട്. പാലക്കാട് എവി ഗോപിനാഥിനെ പ്രസിഡന്റാക്കരുതെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അങ്ങനെയെങ്കില്‍ വിടി ബല്‍റാം ഇവിടെ അധ്യക്ഷനായേക്കും. ഇടുക്കിയില്‍ തോമസ് രാജന്‍, എംഎന്‍ ഗോപി എന്നീ പേരുകള്‍ ഗ്രൂപ്പുകള്‍ മുന്നോട്ടുവയ്ക്കുമ്പോള്‍ ഗ്രൂപ്പിനതീതമായ പിന്തുണയാണ് സിപി മാത്യുവിനുള്ളത്. സിപിയുടെ സുധാകരന്‍ മോഡല്‍ നേതൃഗുണം ജില്ലയില്‍ പാര്‍ട്ടിയുടെ തിരിച്ചുവരവിന് കാരണമായേക്കാം എന്ന് അഭിപ്രായപ്പെടുന്നവരാണ് ഏറെയും.

പത്തനംതിട്ടയില്‍ അനില്‍ തോമസിന്റെ പേരിനാണ് പ്രഥമപരിഗണന. കൊല്ലത്ത് ശൂരനാട് രാജശേഖരനെ അധ്യക്ഷനാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ പാര്‍ട്ടിയില്‍ ബഹുഭൂരിപക്ഷവും കേട്ടു മടുത്ത പേരാണ് ശൂരനാടിന്‍റേത്. ജ്യോതികുമാര്‍ ചാമക്കാലയും പരിഗണനയിലുണ്ട്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍, അനില്‍ ബോസ്, കെപി ശ്രീകുമാര്‍ എന്നിവരാണ് സാധ്യതാ പട്ടികയില്‍ ഉള്ളത്.

എന്തായാലും കഴിഞ്ഞ രണ്ടരമാസമായി പല ഡിസിസികള്‍ക്കും നാഥനില്ലാത്ത അവസ്ഥയിലാണ്.കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഡൽഹിയിൽ ഹൈക്കമാൻഡുമായി ചർച്ച നടത്തിയിട്ടും ഡിസിസി പുന സംഘടനയെക്കുറിച്ച് താഴെക്കിടയിൽ ചർച്ചകളൊന്നും ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല ഇതോടെ പുതിയ നേതാക്കളും ആദ്യത്തെ ആവേശത്തിന് പിന്നാലെ ഗ്രൂപ്പിന്റെ തടവറയിലായോ എന്ന സംശയം ഉയരുന്നുണ്ട്. പക്ഷേ ചർച്ചകൾ പുരോഗമിക്കുകയാണ് എന്നും ഡിസിസി അധ്യക്ഷൻമാരുടെ നിയമനം ജൂലൈ അവസാനനമോ ഓഗസ്റ്റ് ആദ്യവാരമോ ഉണ്ടാകും എന്നാണ് കെ സുധാകരനോട് അടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.