എം പി വീരേന്ദ്ര കുമാറിൻറെ നിര്യാണത്തെ തുടർന്ന് വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ലാൽ വർഗീസ് കൽപ്പകവാടി മത്സരിക്കും.കർഷക കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ആണ് ലാൽ വർഗീസ്.
യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയം ഏകദേശം ഉറപ്പാണെങ്കിലും വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് ശ്രദ്ധാ കേന്ദ്രമാകുന്നത് ജോസ് കെ മാണി പക്ഷം സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കും എന്നുള്ള ചർച്ചകൾ കൊണ്ടാണ്. കേരള കോൺഗ്രസ് പാർട്ടിയുടെ വിപ്പ് നൽകാനുള്ള അധികാരം റോഷി അഗസ്റ്റിനിൽ നിന്നു നീക്കി കഴിഞ്ഞദിവസം പി ജെ ജോസഫ് കത്തു കൊടുത്തിരുന്നു. മോൻസ് ജോസഫ് ആണ് പാർട്ടിയുടെ പുതിയ വിപ്പ്. എൽഡിഎഫ് പക്ഷത്തോട് അടുക്കുവാൻ ആഗ്രഹിക്കുന്ന ജോസ് കെ മാണി അവർക്ക് അനുകൂലമായ നിലപാടാണോ സ്വീകരിക്കുന്നത്? യുഡിഎഫ് ജോസ് കെ മാണിയുടെ പക്ഷത്തോട് സ്വീകരിക്കുന്ന നിലപാട് എന്താവും? എന്നിങ്ങനെ വിവിധ വിഷയങ്ങൾ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഉയർന്നുവരുന്നുണ്ട്.