പാലായിൽ വില്ലേജ് ഓഫീസിൽ നിന്ന് വിവരശേഖരണം നടത്തുവാൻ വന്ന ആൾ ചമഞ്ഞ് യുവതി തപാൽ വോട്ടിന് അർഹതയുള്ള മുതിർന്ന പൗരന്മാരുടെ അപേക്ഷ കൈപ്പറ്റുന്നു എന്ന് ആരോപണം. ഞായറാഴ്ച പാലാ നഗരസഭയിലെ ചില വാർഡുകളിലാണ് യുവതി ഇത്തരത്തിൽ കബളിപ്പിക്കൽ നടത്തിയത്. കേരള കോൺഗ്രസ് കൗൺസിലർമാർ യുവതിയെ മുതിർന്ന പൗരന്മാർ ഉള്ള വീടുകളിലേക്ക് കയറ്റി വിട്ടു പുറത്തു കാത്തിരിക്കും. വില്ലേജ് ഓഫീസിൽ നിന്ന് വിവരശേഖരണത്തിനായി വരികയാണ് എന്നു പറഞ്ഞാണ് യുവതി തപാൽ വോട്ടിനുള്ള അപേക്ഷകൾ മുതിർന്ന പൗരന്മാരുടെ കൈയിൽനിന്ന് സ്വീകരിക്കുന്നത്.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം എന്ന് യുഡിഎഫ്:

പരിസരപ്രദേശത്തു മുഖ പരിചയം ഇല്ലാത്ത ഒരു യുവതിയെ ഉപയോഗിച്ച് വില്ലേജ് ഓഫീസിൽ നിന്ന് എന്ന വ്യാജേന വോട്ടർമാരുടെ കൈയിൽനിന്ന് തപാൽ വോട്ടിനുള്ള അപേക്ഷ സ്വീകരിക്കുന്നത് കേരള കോൺഗ്രസ് നടത്തുന്ന നെറികെട്ട രാഷ്ട്രീയ വേലയാണെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ ആരോപിക്കുന്നു. പരാജയഭീതി മൂലം നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് യുഡിഎഫ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ആരോഗ്യകരമായ തിരഞ്ഞെടുപ്പ് പ്രചരണം ഉറപ്പുവരുത്തുവാൻ രാഷ്ട്രീയ കക്ഷികൾ തയ്യാറാവണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നു.

ആൾമാറാട്ടം നടത്തി അപേക്ഷകൾ സ്വീകരിക്കുകയും, എതിർ കക്ഷികളെ അറിയിക്കാതെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ഒരു പാർട്ടിയുടെ ആളുകൾ മാത്രം വീടുകളിലെത്തി തപാൽ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കി തീർക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത് എന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധയിൽ വിവരം പെടുത്തുകയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്യുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുവാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉണ്ട് എന്നും നിയമ വൃത്തങ്ങളെ ഉദ്ധരിച്ച് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.

കോവിഡ് പ്രതിരോധ ജാഗ്രത:

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗവ്യാപനം തടയുന്നതിനാണ് 80 വയസ്സിന് മുകളിൽ ഉള്ള ആളുകൾക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് ചെയ്യുവാനുള്ള സൗകര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവരശേഖരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് നടത്തേണ്ടത്. ഈ സൗകര്യം ദുരുപയോഗം ചെയ്യുവാനുള്ള രാഷ്ട്രീയപാർട്ടികളുടെ ശ്രമങ്ങൾ അപലപനീയമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2