കൊച്ചി : മിനിമം വേതനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റക്‌സിന് നല്‍കിയ നോട്ടീസ് പിന്‍വലിച്ച്‌ തൊഴില്‍ വകുപ്പ്. നോട്ടീസ് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി കിറ്റക്‌സ് ഉടമ സാബു ജേക്കബിന്റെ അഭിഭാഷകന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് പിന്‍വലിച്ച്‌ തൊഴില്‍ വകുപ്പ് തടിയൂരിയത്.

പെരുമ്ബാവൂര്‍ അസിസ്റ്റ്ന്റ് ലേബര്‍ ഓഫീസര്‍ കഴിഞ്ഞ മാസം 30 നാണ് കിറ്റക്‌സിന് നോട്ടീസ് നല്‍കിയത്. മിനിമം വേതനവുമായി ബന്ധപ്പെട്ട് 2019 ല്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. എന്നാല്‍ 2021 ല്‍ മാര്‍ച്ചില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ഈ ശുപാര്‍ശകള്‍ മരവിപ്പിച്ചിരുന്നു. ഇത് അറിയാതെയാണ് തൊഴില്‍ വകുപ്പ് നോട്ടീസ് അയച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഈ സാഹചര്യത്തില്‍ തൊഴില്‍ വകുപ്പ് നല്‍കിയ നോട്ടീസ് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കിറ്റക്‌സ് നോട്ടീസ് അയച്ചത്. ഹൈക്കോടതി ഉത്തരവിനെക്കുറിച്ച്‌ അറിവില്ലായിരുന്നുവെന്ന് വ്യക്തമാക്കിയാണ് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ നോട്ടീസ് പിന്‍വലിച്ചത്. ശുപാര്‍ശകളില്‍ അന്തിമ തീരുമാനം ഉണ്ടായതിന് ശേഷം മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാകൂവെന്നും ലേബര്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.