തിരുവനന്തപുരം: എൽ.ഡി.എഫ് വിടാൻ എൻ.സി.പി. ദേശീയ നേതൃത്വം തീരുമാനിച്ചാൽ മന്ത്രി എ.കെ. ശശീന്ദ്രൻ പുതിയ പാർട്ടി രൂപവല്ക്കരിക്കും. ഇതിനുള്ള ആലോചനയിലാണ് മന്ത്രിയെ അനുകൂലിക്കുന്നവർ. ദേശീയ നേതൃത്വത്തിൻ്റെ പ്രഖ്യാപനം വന്നാൽ ഉടൻ യോഗം ചേർന്ന് പാർട്ടി പ്രഖ്യാപനം നടത്താനാണ് തീരുമാനം.
മാണി.സി.കാപ്പൻ സംസ്ഥാന നേതൃത്വത്തോടാലോചിക്കാതെ ഏകപക്ഷീയമായി നീങ്ങിയെന്നാണ് ശശീന്ദ്രൻ വിഭാഗത്തിൻ്റെ ആരോപണം. കോൺഗ്രസ് (എസി)ൽ ലയിക്കാനുള്ള നീക്കം തിടുക്കപ്പെട്ട് വേണ്ടെന്നാണ് പൊതുധാരണയുണ്ടായിരിക്കുന്നത്.
മാണി.സി.കാപ്പൻ സ്വീകരിച്ച നയങ്ങളിൽ പുതുതായൊന്നുമില്ലെന്നും ഇത് തങ്ങളും മുന്നണിയും പ്രതീക്ഷിച്ചതുമാണെന്നാണ് മന്ത്രി ശശീന്ദ്രൻ്റെ പ്രസ്താവന. എന്നാൽ, സംസ്ഥാന നേതൃയോഗം വിളിക്കാതെ സ്വീകരിച്ച നിലപാടുകളിൽ ശക്തമായ പ്രതിഷേധം ശശീന്ദ്രനുണ്ട്. ഈ നിലക്ക് എൽ.ഡി.എഫിൽ ഉറച്ചു നിന്നു കൊണ്ട് പുതിയ പാർട്ടിയുമായി മുന്നോട്ട് പോകാനാണ് ശശീന്ദ്രൻ്റെ നീക്കം.
എൻ.സി.പി യിൽ നിന്ന് കാപ്പൻ മാത്രമാണ് പുറത്തു പോകുന്നതെങ്കിൽ മറ്റു വിഷയങ്ങളുണ്ടാവില്ലെന്നും ദേശീയ നേതൃത്വം മറിച്ച് തീരുമാനമെടുക്കുന്ന പക്ഷം നടപടികൾ തുടർന്നാൽ മതിയെന്നുമാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്.
കോൺഗ്രസ് (എസ്) ൽ ലയിക്കാനുള്ള സാഹചര്യം തള്ളിയ ശശീന്ദ്രൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മാത്രമുള്ള ഒറ്റയാൾ പാർട്ടിയെ ശക്തിപ്പെടുത്തേണ്ട കർത്തവ്യം തങ്ങൾക്കില്ലെന്നാണ് തുറന്നടിച്ചിരിക്കുന്നത്. ജില്ലാ കമ്മിറ്റികളിൽ ചർച്ച ചെയ്ത് മാത്രമെ ഇതിലെല്ലാം നിലപാടെടുക്കൂവെന്നും ശശീന്ദ്രനനുകൂലികൾ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2