കൊച്ചി : നിയമസഭ തിരഞ്ഞെടുപ്പിൽ ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ആലുവയിലെ മുതിർന്ന കോൺഗ്രസ് നേതാവും 27 വർഷത്തോളം എം.എൽ.എയുമായിരുന്ന കെ. മുഹമ്മദാലിക്കെതിരെ പരാതി. ആലുവ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥിയും മരുമകളുമായ ഷെല്‍ന നിഷാദിനെ വിജയിപ്പിക്കാന്‍ പരസ്യമായി പ്രവര്‍ത്തിച്ചു എന്നാണ് പരാതി. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പിള്ളി രാമചന്ദ്രന് കത്ത് നല്‍കി.
ഡിസിസി ജനറല്‍ സെക്രട്ടറിയും ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ഐ ഗ്രൂപ്പ് നേതാവുമായ ബാബു പുത്തനങ്ങാടിയാണ് കെപിസിസിക്കും ഡിസിസിക്കും പരാതി നല്‍കിയത്. ഷെല്‍ന നിഷാദിന് തിരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള പണം നല്‍കിയത് മുഹമ്മദാലിയാണ്. ഇതിന് പുറമേ ഷെല്‍നക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി കോണ്‍ഗ്രസ് അനുഭാവികളെ കെ മുഹമ്മദാലി ഫോണില്‍ വിളിച്ച് അഭ്യര്‍ത്ഥിച്ചു എന്നും പരാതിയിൽ പറയുന്നു.
ആലുവയില്‍ ഷെല്‍ന വിജയിക്കുമെന്നും എൽഡിഎഫ് സർക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്നും വോട്ടെടുപ്പ് ദിനത്തിൽ മുഹമ്മദാലി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 27 വർഷത്തോളം എം.എല്‍.എയാകാന്‍ അവസരം നല്‍കിയ പാര്‍ട്ടിയെയാണ് മുഹമ്മദാലി ഇതിലൂടെ വഞ്ചിച്ചത്. ഈ സാഹചര്യത്തില്‍ കെ മുഹമ്മദലിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2