തിരുവല്ല: ഒരു കാലത്ത് കേരള കോണ്‍ഗ്രസിന്റെ സ്വന്തമായിരുന്ന തിരുവല്ല തിരിച്ചു പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞുകോശി പോളിനെ കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷം തിരുവല്ലയില്‍ ഇറക്കിയിരിക്കുന്നത്. തിരുവല്ലയുടെ രാഷ്ട്രീയ സാമൂഹിക സഭാ സാഹചര്യങ്ങളെ കൃത്യമായി അറിയുന്ന ദീര്‍ഘകാല പാര്‍ട്ടി പ്രവര്‍ത്തനമാണ് കുഞ്ഞുകോശി പോളിന്റെ ഹൈലൈറ്റ്. നിയമസഭയിലേക്ക് ഇത് കന്നിയങ്കമാണെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കുഞ്ഞുകോശി പോള്‍ പലതവണ പയറ്റി തെളിഞ്ഞതാണ്. പ്രഥമ പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ്. നാലുതവണ നിയമസഭയില്‍ കല്ലൂപ്പാറ മണ്ഡലത്തെ പ്രതിനിധീകരിക്കുകയും മന്ത്രിയും സ്പീക്കറും ആവുകയും ചെയ്ത ടി എസ് ജോണിന്റെ രാഷ്ടീയശിഷ്യന്‍ കൂടിയായ കുഞ്ഞുകോശി പോളിന് അതേ തട്ടകത്തില്‍ തന്നെയാണ് കന്നി അങ്കം. 2008ലെ മണ്ഡല പുനര്‍നിര്‍ണയത്തില്‍ കല്ലൂപ്പാറ മണ്ഡലം ഇല്ലാതാവുകയും പത്തനംതിട്ടയിലെ മറ്റ് മണ്ഡലങ്ങളിലേക്ക് പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തുകയുമായിരുന്നു.

മനസ്സില്‍ നിറയെ വികസനമന്ത്രവും ആരെയും കൈയില്‍ പിടിച്ച് കൂടെക്കൂട്ടാനുള്ള നയതന്ത്രവുമാണ് ഗുരുനാഥന്‍ ജോണിന്റെ കരുത്തെങ്കില്‍ സൗഹൃദത്തിന്റെ വലയം ചുറ്റും തീര്‍ക്കാനുള്ള കഴിവാണ് കുഞ്ഞിനെ കരുത്തനാക്കുന്നത്. ഒപ്പം ചേര്‍ന്നതുമുതല്‍ ചുവടുമാറാത്ത അചഞ്ചലമായ വിശ്വസ്തതയാണ് തിരുവല്ല തിരിച്ചുപിടിക്കാനുള്ള ചുമതല പി ജെ ജോസഫ് കുഞ്ഞിനെ ഏല്‍പ്പിക്കാന്‍ കാരണമായത്.

താഴേത്തട്ടിലുള്ള പ്രവര്‍ത്തനമാണ് കുഞ്ഞുകോശി പോളിന്റെ സാധ്യതകള്‍ ഇരട്ടിയാക്കുന്നത്. മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിലുള്ള പ്രവര്‍ത്തന പരിചയം മണ്ഡലത്തിലെ പരിചിതമുഖമാക്കുന്നു കുഞ്ഞുകോശി പോളിനെ. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും ആയിരുന്നുവെന്നതും അദ്ദേഹത്തിന്റെ സംഘടനാ രംഗത്തെ പ്രവര്‍ത്തി പരിചയത്തിന്റെ ബോണസാണ്. അടിത്തട്ടിലുള്ള ഈ സ്വീകാര്യത വോട്ടായി മാറുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ഒന്നര പതിറ്റാണ്ടായി യുഡിഎഫിനെ കൈവിട്ട മണ്ഡലത്തെ എങ്ങനേയും തിരിച്ചു പിടിക്കുകയാണ് മുന്നണിയുടെ ലക്ഷ്യം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതിയംഗമായ കുഞ്ഞുകോശി പോളിലൂടെ വീണ്ടും തിരുവല്ലയെ ഐക്യ ജനാധിപത്യ മുന്നണിയുടെ കോട്ടയാക്കി മാറ്റാമെന്നാണ് യുഡിഎഫ് കരുതുന്നത്.

തിരുവല്ലയുടെ കുടിവെള്ള പ്രശ്‌നത്തിനടക്കം ശാശ്വത പരിഹാരം കാണാന്‍ പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കിയത് കുഞ്ഞുകോശിയുടെ നേതൃത്വത്തില്‍ ആയിരുന്നു. 1991 മുതല്‍ 2006 വരെ കേരളാ കോണ്‍ഗ്രസാണ് തുടര്‍ച്ചയായി തിരുവല്ലയില്‍ നിന്ന് വിജയിച്ചിട്ടുള്ളത്. പിന്നീട് മൂന്ന് വട്ടം തുടര്‍ച്ചയായി ജനതാദള്‍ എസിന്റെ മാത്യു ടി തോമസാണ് ഇടത് പക്ഷത്ത് നിന്നും മണ്ഡലം നേടിപോന്നത്. ഇക്കുറിയം ഇടത് പക്ഷം തിരുവല്ലയില്‍ ഇറക്കുന്നത് മാത്യു ടി തോമസിനെ തന്നെ. എന്നാല്‍ ശക്തമായ അടിത്തറ മണ്ഡലത്തിലുള്ള കുഞ്ഞുകോശി പോളിലൂടെ ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

45 വര്‍ഷക്കാലം പൊതുസേവനമായിരുന്നു കുഞ്ഞുപോളിന്റെ കര്‍മ്മണ്ഡലം. ബികോം ബിരുദധാരിയായ അദ്ദേഹം തുരുത്തിക്കാട് ബി.എ.എം കോളേജില്‍ കെ.എസ്.സി. യൂണിറ്റ് സെക്രട്ടറിയായത് മുതല്‍ തുടങ്ങിയ പൊതുസേവനം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഉന്നതാധികാര സമിതിയംഗമായും കരുത്തായി തുടരുന്നു. രണ്ടുതവണ ടി.എസ്.ജോണിന്റെ തിരഞ്ഞെടുപ്പ് സമിതി കണ്‍വീനറായ കുഞ്ഞുപോളിന് തിരുവല്ലക്കാരുടെ മനസറിയാം. വോട്ടര്‍മാരുടെ പ്രതീക്ഷകളും ഹൃദ്യസ്ഥം. തിരഞ്ഞെടുക്കപ്പെട്ടാല്‍ മണ്ഡലത്തെ ഒന്നായി കാണാന്‍ മനസ്സുവെയ്ക്കും എന്നതാണ് കുഞ്ഞ് മുന്നോട്ട് വയ്ക്കുന്ന വികസന അജണ്ട. നാടറിഞ്ഞവന്റെ വികസന സ്വപ്‌നങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ തിരുവല്ലക്കാര്‍ ഒപ്പം നില്‍ക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കുഞ്ഞും കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2