ന്യൂഡൽഹി: ദീര്‍ഘ അവധിയില്‍പ്പോയി തിരികെ പ്രവേശിക്കാത്തതിനെ തുടർന്ന് പിരിച്ചുവിട്ട കെഎസ്‌ആര്‍ടിസി ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരേ കെഎസ്‌ആര്‍ടിസി നല്‍കിയ അപ്പീല്‍ ജസ്റ്റിസ് മോഹന്‍ എം. ശാന്തന ഗൗഡര്‍ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.ജീവനക്കാര്‍ക്ക് വിദേശത്ത് പോകാനും മറ്റും അഞ്ചു വര്‍ഷത്തെ അവധി കെഎസ്‌ആര്‍ടിസി നല്‍കാറുണ്ട്. ഇങ്ങനെ അവധിയില്‍പ്പോയ 136 ജീവനക്കാരോട് ഉടന്‍തന്നെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കെഎസ്‌ആര്‍ടിസി നോട്ടീസ് നല്‍കി. ഇതുപ്രകാരം തിരികെ പ്രവേശിച്ച ചുരുക്കം ചിലര്‍ ഒഴികെ ബാക്കി എല്ലാവരെയും പിരിച്ചുവിട്ടു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ജീവനക്കാരുടെ അവധി അനധികൃതമല്ലെന്നും അനുവദിക്കപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി തിരികെ എടുക്കാന്‍ ഉത്തരവിടുകയായിരുന്നു.ഹൈക്കോടതിയുടെ ഡിസംബര്‍ 18-ന്റെ ഉത്തരവ് ചോദ്യംചെയ്താണ് കെ.എസ്.ആര്‍.ടി.സി. അപ്പീല്‍ നല്‍കിയത്. ബാങ്ക് വായ്പ (3100 കോടി) ഉള്‍പ്പെടെ 4315 കോടിയുടെ ബാധ്യതയുണ്ടെന്നും കോവിഡ് അടച്ചിടല്‍ സ്ഥിതി രൂക്ഷമാക്കിയെന്നും കെ.എസ്.ആര്‍.ടി.സി. സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി അപ്പീല്‍ തള്ളുകയായിരുന്നു. അതേസമയം, ഇതിലെ നിയമപരമായ ചോദ്യങ്ങള്‍ നിലനില്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2