ദില്ലി: കെ പി സി സി ഭാരവാഹി പട്ടിക ഉടന്‍ തന്നെ പുറത്തിറക്കാന്‍ തീരുമാനിച്ച്‌ നേതൃത്വം. കഴിഞ്ഞ ദിവസം കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന് കൈമാറിയ പട്ടിക നിലവില്‍ സോണിയ ഗാന്ധിയുടെ കൈവശമാണുള്ളത്. സോണിയയുടെ കൈവശമുള്ള പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലായിരിക്കും പാര്‍ട്ടി ആസ്ഥാനത്ത് നിന്നും പട്ടിക പ്രഖ്യാപിക്കുക.

ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 19 ല്‍ നിന്ന് 22 ആയി ഉയര്‍ത്തി. 3 വനിതകളെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന‍് തീരുമാനിച്ചതോടെയാണ് എണ്ണത്തില്‍ മാറ്റം വന്നത്. കെ പി സി സി പ്രസിഡന്റ്, 3 വര്‍ക്കിങ് പ്രസിഡന്റുമാര്‍, ട്രഷറര്‍ എന്നിവരെക്കൂടി ചേര്‍ത്ത് ആകെ ഭാരവാഹികള്‍ 31 ആകും. നിര്‍വാഹക സമിതിയില്‍ മുന്‍ ഡി സി സി പ്രസിഡന്റുമാര്‍ ഉള്‍പ്പടെ 20 പേര്‍ മാത്രമാണ് ഉണ്ടാവുക. ഇത്തരത്തില്‍ പട്ടിക 51 ല്‍ ഒതുക്കും. 5 വനിതകളാണ് പട്ടികയിലുള്ളത്. ആകെ അംഗങ്ങളുടെ 10% എന്ന കണക്കിലാണ് വനിതാ, പട്ടിക വിഭാഗ പ്രാതിനിധ്യം നിശ്ചയിച്ചത്. ഭാരവാഹി പ്രഖ്യാപനത്തിന് പിന്നാലെ സെക്രട്ടറിമാരെ പ്രഖ്യാപിക്കും. ഒരു ജനറല്‍ സെക്രട്ടറിക്ക് 2 സെക്രട്ടറി എന്ന കണക്കില്‍ 44 സെക്രട്ടറിമാരെ നിയമിച്ചേക്കുമെന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മാനദണ്ഡങ്ങളില്‍ ആര്‍ക്കും ഒരു ഇളവും നല്‍കേണ്ടതില്ലെന്നാണ് അവസാന നിമിഷം ഉണ്ടായ തീരുമാനം. സംസ്ഥാന നേതൃത്വം തന്നെയായിരുന്നു മാനദണ്ഡങ്ങളില്‍ ഇളവ് വേണ്ടെന്ന നിലപാട് ദേശീയ നേതൃത്വത്തിന് മുന്നില്‍ വെച്ചത്. ഇത് ഹൈക്കമാന്‍ഡും അംഗീകരിച്ചു. ഇതോടെ പട്ടികയില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാല്‍ എന്നിവര്‍ പട്ടികയില്‍ നിന്നും പുറത്താവുമെന്ന കാര്യം ഉറപ്പായി.പട്ടികയില്‍ വനിതകളുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി മാനദണ്ഡങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യം ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക