കോട്ടയം കിംസ് ബെല്‍റോസ് ആശുപത്രിക്കേസില്‍ നേരത്തെ ലഭിച്ച ജാമ്യത്തിന്റെ കാലാവധി നീട്ടണമെന്ന കിംസ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. കിംസ് ആശുപത്രി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം ഐ സഹദുല്ല, മാനേജിംഗ് ഡയറക്ടര്‍ ഇ എം നജീബ്, വൈസ് ചെയര്‍മാന്‍ ജി വിജയരാഘവന്‍, സുഹ്റ പടിയത്ത്, സൗത്ത് ഇന്ത്യന്‍ ബേങ്ക് ചെയര്‍മാന്‍ സലീം ഗംഗാധരന്‍, സൗത്ത് ഇന്ത്യന്‍ ബേങ്ക് എം ഡി വി ജി മാത്യു എന്നീ പ്രതികള്‍ സമര്‍പ്പിച്ച അപേക്ഷയാണ് കോടതി നിരാകരിച്ചത്. കേസ് അടുത്ത മാസം ഒമ്ബതിലേക്ക് മാറ്റി.

കഴിഞ്ഞ മാസം 30ന് ജാമ്യകാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്.
65 വയസ്സ് പിന്നിട്ട തങ്ങള്‍ക്ക് കൊവിഡ് കാലമായതിനാല്‍ മറ്റു കോടതികളെ സമീപിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോ.

എം ഐ സഹദുല്ലയും ഇ എം നജീബും കോടതിയെ സമീപിച്ചത്.
അതേസമയം ഒട്ടേറെ സ്ഥാപനങ്ങളുടെ സാരഥികളായ ഇവര്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും കൊവിഡ് അടച്ചുപൂട്ടല്‍ എന്ന ന്യായീകരണം തട്ടിപ്പാണെന്നും ഇവരുടെ വഞ്ചനക്ക് ഇരയായെന്ന് പരാതിപ്പെടുന്ന കോട്ടയം കുടമാളൂര്‍ ബെല്‍റോസ് ആശുപത്രി സ്ഥാപകനും ഇപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ജൂബി ദേവസ്യ ആരോപിക്കുന്നു.

കോട്ടയത്തെ ബെല്‍റോസ് ആശുപത്രി വികസനത്തിനെന്ന പേരില്‍ സൗത്ത് ഇന്ത്യന്‍ ബേങ്കില്‍ നിന്ന് വായ്പയെടുത്ത കോടിക്കണക്കിന് രൂപ സഹോദര സ്ഥാപനങ്ങളിലേക്ക് വഴിമാറ്റിയെന്ന ജൂബി ദേവസ്യയുടെ പരാതി ശരിയാണെന്ന് കോട്ടയം ക്രൈം ബ്രാഞ്ച് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ തര്‍ക്കം ആശുപത്രി ഡയറക്ടര്‍മാര്‍ തമ്മിലുള്ള സിവില്‍ തര്‍ക്കം മാത്രമാണെന്നാണ് ഹൈക്കോടതിയില്‍ ഇ എം നജീബ് ബോധിപ്പിച്ചിരിക്കുന്നത്. ചര്‍ച്ച തുടരുകയാണെന്നും നജീബ് വാദിക്കുന്നു. എന്നാല്‍, പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ദിശയില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് ജൂബി ദേവസ്യ ചൂണ്ടിക്കാട്ടി.

അതിനിടെ കിംസ് ആശുപത്രി ഉടമകള്‍ വന്‍ തട്ടിപ്പാണ് നടത്തിയതെന്ന് വ്യക്തമാക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. 130 കിടക്കകളോട് കൂടിയ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുമെന്ന് പറഞ്ഞാണ് സൗത്ത് ഇന്ത്യന്‍ ബേങ്കില്‍ നിന്ന് വായ്പയെടുത്തതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ജൂബി ദേവസ്യ നേരത്തേ നിര്‍മിച്ച അഞ്ച് നില കെട്ടിടമല്ലാതെ ആശുപത്രിക്ക് വേണ്ടി മറ്റു കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്.

പുതിയ കെട്ടിടം നിര്‍മിക്കാനെന്ന പേരില്‍ വായ്പയെടുത്തിട്ടും ആശുപത്രിയിലുള്ളത് നേരത്തേയുണ്ടായിരുന്ന കെട്ടിടവും 68 കിടക്കകളും മാത്രം. പണം വക മാറ്റിയതിന് തെളിവ് ആവശ്യമില്ല.

55 കോടി രൂപയുടെ പദ്ധതി കാണിച്ചാണ് സൗത്ത് ഇന്ത്യന്‍ ബേങ്കില്‍ നിന്ന് എം ഐ സഹദുല്ലയും ഇ എം നജീബും ഉള്‍പ്പെടെയുള്ളവര്‍ വായ്പയെടുത്തത്. 38 കോടി രൂപയുടെ ടേം ലോണും ഏഴ് കോടിയുടെ പ്രവര്‍ത്തന മൂലധന വായ്പയുമാണ് സ്വീകരിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച ബേങ്ക് സ്റ്റേറ്റ്്‌മെന്റ് പോലും പോലീസിനെ കാണിക്കാന്‍ തയ്യാറായിട്ടില്ല. എഫ് ഐ ആര്‍ സമര്‍പ്പിച്ച്‌ ഒരു വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2