കൊച്ചി: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ചോദ്യം ചെയ്യലിനായി കസ്റ്റംസിനു മുന്നില്‍ ഹാജരായില്ല. ഇന്നു രാവിലെ പതിനൊന്നിന് കൊച്ചി ഓഫിസില്‍ ഹാജരാവാനാണ്, സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന സംഘം വിനോദിനിക്കു നോട്ടീസ് നല്‍കിയിരുന്നത്.

യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ അല്‍സാബിക്കു നല്‍കിയ ഐഫോണില്‍ വിനോദിനിയുടെ പേരിലുള്ള സിം ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിന്റെ വിവരങ്ങള്‍ ആരായാനാണ് വിനോദിനിക്കു നോട്ടീസ് നല്‍കിയത്. മകന്‍ ബിനീഷുമായി ബന്ധമുള്ള ആളുകളിലേക്കാണ് ഈ ഫോണില്‍നിന്നു കോളുകള്‍ പോയതെന്നും ബിനീഷ് അറസ്റ്റിലായ ശേഷം ഫോണ്‍ ഉപയോഗിക്കുന്നതു നിന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയെന്നു റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

അതേസമയം സന്തോഷ് ഈപ്പനെ അറിയില്ലെന്നാണ് വിനോദിനിയും കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചത്. കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വിനോദിനി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. വിനോദിനി ഇന്നു ഹാജരാവാത്ത പശ്ചാത്തലത്തില്‍ മറ്റൊരു ദിവസത്തേക്ക് കസ്റ്റംസ് വീണ്ടും നോട്ടീസ് നല്‍കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2