തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്‍റെ ഇടത് മുന്നണി പ്രവേശനം സംബന്ധിച്ച്‌ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോസ് കെ മാണി തെരുവിലായിപ്പോകില്ലെന്ന് കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. മുന്നണി പ്രവേശനം സംബന്ധിച്ച്‌ ഇതുവരെ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ആവശ്യമായി വന്നാല്‍ വിഷയം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം ജോസ് കെ മാണിയ്ക്ക് എതിരെ ജോസഫ് വിഭാഗം നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ്. കോടതി വിധി ലംഘിച്ച്‌ ജോസ് കെ മാണി, സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചതിനെതിരെ ജോസഫ് വിഭാഗം തൊടുപുഴ കോടതിയില്‍ ഹര്‍ജി നല്‍കി.അടുത്ത ഞായറാഴ്ച ജോസ് വിഭാഗം കോട്ടയത്ത് വിളിച്ച സ്റ്റിയറിംഗ് കമ്മിറ്റി കോടതി വിധികളെ ധിക്കരിച്ചാണെന്നാണ് ജോസഫ് പക്ഷത്തിന്‍റെ ആരോപണം. സ്റ്റിയറിംഗ് കമ്മിറ്റി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ അധ്യക്ഷതയില്‍ ചേരുമെന്നാണ് ജനറല്‍ സെക്രട്ടറി അംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തിനുള്ളത്.

തൊടുപുഴ, ഇടുക്കി, കട്ടപ്പന കോടതികളുടെ വിധി അനുസരിച്ച്‌ ചെയര്‍മാന്‍ പദവി ഉപയോഗിക്കാനോ അധികാരം കയ്യാളാനോ ജോസ് മാണിയ്ക്ക് അനുമതിയില്ല. ഈ വിധികള്‍ നിലവിലിരിക്കെ അനുയായികളെ കൊണ്ട് പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ ജോസ് കെ മാണി പ്രചാരണം നടത്തുന്നതായും കാണിച്ചാണ് ജോസഫ് പക്ഷത്തെ സംസ്ഥാന കമ്മിറ്റി അംഗം തൊടുപുഴ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നാണ് ജോസ് പക്ഷത്തിന്‍റെ പ്രതികരണം.

ഇതിനിടെ ജോസ് വിഭാഗത്തെ തിരിച്ചെടുക്കുന്നത് മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനിക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2