കൊടകര: കള്ളപ്പണ കവര്‍ച്ചാ കേസില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നിലപാടറിയിച്ചേക്കും.

നിലപാടറിയിക്കാന്‍ കോടതി നേരത്തെ പത്ത് ദിവസത്തെ സാവകാശം ഇഡിക്ക് നല്‍കിയിരുന്നു.ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ബാധകമായ കുറ്റകൃത്യമായിട്ടും പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് നടപടിയെടുക്കുന്നില്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ ആവശ്യത്തിനായി കൊണ്ടുവന്ന പണമാണിതെന്ന് ആരോപണമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൃശൂര്‍ കൊടകരയില്‍ വച്ച്‌ കാറപകടം സൃഷ്ടിച്ച്‌ പണം തട്ടിയെന്നാണ് കേസ്.

അതേസമയം കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ ചോദ്യംചെയ്യലിന്‌ ഹാജരാകാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്‌ വീണ്ടും നോട്ടീസ്‌ നല്‍കും. ചൊവ്വാഴ്‌ച തൃശൂര്‍ പൊലീസ്‌ ക്ലബ്ബില്‍ ഹാജരാകാന്‍ പ്രത്യേക അന്വേഷകസംഘം നോട്ടീസ്‌ നല്‍കിയിരുന്നു‌. എന്നാല്‍ ഹാജരാവാന്‍ കഴിയില്ലെന്നും‌ 13 വരെ തിരക്കുകളുണ്ടെന്നും സുരേന്ദ്രന്‍ രേഖാമൂലം അറിയിച്ചു. തുടര്‍ന്നാണ്‌ വീണ്ടും നോട്ടീസ്‌ നല്‍കുന്നത്‌.

ഹാജരായില്ലെങ്കില്‍ കോടതിവഴി നടപടിയെടുക്കും. സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതിന് മുമ്ബ്‌ ഡിഐജിയുടെ സാന്നിധ്യത്തില്‍ ഇതുവരെയുള്ള അന്വേഷണം വിലയിരുത്തും. ചോദ്യാവലി തയ്യാറാക്കിയ ശേഷമാകും അടുത്ത നോട്ടീസ് നല്‍കുക.

ബിജെപി തെരഞ്ഞെടുപ്പിനിറക്കിയ പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ്‌ പൊലീസിന്റെ റിപ്പോര്‍ട്ട്‌. സംഘടനാ സെക്രട്ടറി എം ഗണേശന്‍, സംസ്ഥാന ഓഫീസ്‌ സെക്രട്ടറി ജി ഗിരീഷ്‌ എന്നിവരുടെ നിര്‍ദേശത്തില്‍ ധര്‍മരാജന്‍ വഴി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തക്കെത്തിക്കാനുള്ള പണമാണ്‌ കവര്‍ച്ച ചെയ്യപ്പെട്ടത്‌.

അന്ന്‌ ധര്‍മരാജന്റെ ഫോണ്‍ വിളികളില്‍ സുരേന്ദ്രന്റെ നമ്ബറുണ്ട്‌. സെക്രട്ടറിയുടെയും ഡ്രൈവറുടെയും ഫോണുകളില്‍ നിന്ന് ധര്‍മരാജനെയും തിരിച്ചും നിരവധി തവണ വിളിച്ചിട്ടുണ്ട്.