എറണാകുളം: അസംബ്ലി ഇലക്ഷനിൽ കൊച്ചിയിൽ സീറ്റിനായി കോണ്‍ഗ്രസില്‍ പിടിവലി. മത്സരിക്കാൻ സീറ്റിനായി നിരവധി നേതാക്കളാണ് ഇപ്പോൾ കോൺഗ്രസിലുള്ളത്.മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണി, കോര്പ്പറേഷന് മുന്‍ കൗണ്‍സിലര്‍ ഷൈനി മാത്യു, ഡിസിസി സെക്രട്ടറി സ്വപ്ന പട്രോണിക്സ് എന്നിവരുടെ പേരുകള്‍ക്കാണ് പാര്‍ട്ടിയില്‍ മുന്‍ഗണന. നിലവിൽ കോൺഗ്രസിന് വിജയ സാധ്യത ഏറിയതോടെയാണ് സ്ഥാനാർത്ഥിത്വത്തിനായി പിടിവലിയിൽ എത്തിയിരിക്കുന്നത്.2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും ടോണി ചമ്മണിയുടെ പേര് കൊച്ചിയില്‍ ഉയര്‍ന്ന് വന്നിരുന്നു.എന്നാല്‍ അവസാന ഘട്ടത്തില്‍ ഡൊമിനിക് പ്രസന്റേഷന് വീണ്ടും അവസരം നല്കാന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഇത്തവണ ഓരോ ജില്ലയില്‍ നിന്നും ഒരു വനിതയ്ക്കെങ്കിലും സീറ്റ് നല്കാന് കോണ്‍ഗ്രസ്സില്‍ ധാരണയായിട്ടുണ്ട്. ഇതനുസരിച്ച് കൊച്ചിയോ തൃപ്പൂണിത്തുറയോ വനിത സ്ഥാനാര്‍ത്ഥികളെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.
അങ്ങനെയാണെങ്കില്‍ കോര്പ്പറേഷന് മുന്‍ കൗണ്‍സിലര്‍ ഷൈനി മാത്യുവിനാണ് സാധ്യത കൂടുതല്‍. ലാലി വിന്‍സെന്റിനെ പരിഗണിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു. എറണാകുളം ഡിസിസി സെക്രട്ടറിയായ സ്വപ്ന പട്രോണിക്സും, എഐസിസി മുന്‍ അംഗം സിമി റോസ് ബെല്ലും കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.
ലത്തീന്‍ സഭയുടെ പിന്തുണ അനുകൂല ഘടകമാണെന്ന് ടോണി ചമ്മണി പറയുന്നു. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ കൊച്ചിയില്‍ കെ.ജെ മാക്സിക്ക് പാര്‍ട്ടി വീണ്ടും അവസരം നല്‍കാനാണ് സാധ്യത.