കൊവിഡ് രണ്ടാം തരംഗം വ്യോമയാന മേഖലയില്‍ സൃഷ്ടിച്ച ആഘാതം പതുക്കെയെങ്കിലും മാറുന്നു. ജൂണ്‍ മാസത്തില്‍ മാത്രം കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ രണ്ട് ഇരട്ടിയിലിധികം വര്‍ധനവ് രേഖപ്പെടുത്തി. ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ രാജ്യത്ത് ഏറ്റവുമധികം അന്താരാഷ്ട്ര യാത്രക്കാര്‍ വന്നുപോയ വിമാനത്താവളങ്ങളില്‍ കൊച്ചി മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ആദ്യമായാണ് കൊച്ചി രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്ത് എത്തുന്നത്.

2021 ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസങ്ങളില്‍ കൊച്ചി വിമാനത്താവളത്തിലൂടെ 5,89,460 രാജ്യാന്തര യാത്രക്കാര്‍ കടന്നുപോയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇതോടെ കൊച്ചി വിമാനത്താവളം രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തെത്തി. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളാണ് ഇക്കാര്യത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഏപ്രില്‍ മാസത്തില്‍ മാത്രം കൊച്ചി വിമാനത്താവളത്തില്‍ 1,38,625 രാജ്യാന്തര യാത്രക്കാര്‍ വന്നുപോയി. ഇക്കാര്യത്തില്‍ ഡല്‍ഹിക്കു പുറകെ രണ്ടാം സ്ഥാനം നേടാനായി. ജനുവരി – മെയ് മാസങ്ങളില്‍ മൊത്തം 15,56,366 (അന്താരാഷ്ട/ ആഭ്യന്തര) യാത്രക്കാരാണ് കൊച്ചി വിമാനത്താവളം വഴി കടന്നുപോയത്.

മഹാവ്യാധിയുടെ കാലത്ത് ലോകത്ത് ഏറ്റവും സുരക്ഷിതമായി വന്നിറങ്ങാന്‍ കഴിയുന്ന സ്ഥലം എന്ന നിലയ്ക്ക് കേരളത്തെ മാറ്റിയെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയാണ് യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ പങ്കുവഹിച്ചതെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് ഐ എ എസ് വ്യക്തമാക്കി. ‘വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഉതകുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. എല്ലാ വിമാനത്താവളങ്ങളിലും സൗജന്യ ആര്‍ ടി പി സി ആര്‍ പരിശോധന ഏര്‍പ്പെടുത്തി. ജില്ലാ ഭരണകൂടം, റവന്യു, പൊലീസ്, ആരോഗ്യ വകുപ്പുകളുടെ ഏകോപിത സംവിധാനം വിമാനത്താവളത്തില്‍ പ്രവര്‍ത്തിപ്പിച്ചു.

അന്താരാഷ്ട്ര നിലവാരത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ സിയാല്‍ ശ്രദ്ധ പതിപ്പിച്ചു. അള്‍ട്രാവൈലറ്റ് രശ്മികള്‍ ഉപയോഗിച്ച്‌ ബാഗേജ് അണുവിമുക്തമാക്കുന്നതുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ രണ്ടു ടെര്‍മിനലുകളിലും സിയാല്‍ സ്ഥാപിച്ചു. കൊവിഡ് പൂര്‍വ ഘട്ടത്തില്‍ പ്രതിവര്‍ഷം ഒരുകോടി യാത്രക്കാര്‍ സിയാല്‍ വഴി കടന്നുപോയിരുന്നു. തുടര്‍ന്നുള്ള മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് പ്രതീക്ഷിക്കുന്നു.’

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക