ദുരുദ്ദേശപരം അല്ലാത്ത, നിർദോഷകരമായ ഒരു ഓണാശംസ ഹിന്ദു വികാരങ്ങൾക്ക് എതിരാണ് എന്ന് വ്യാഖ്യാനം ചെയ്തു ക്രൈസ്തവ സന്യാസിനിയെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മാപ്പ് പറയിച്ചത് ജനാധിപത്യ മൂല്യങ്ങൾക്കും, മത സൗഹാർദ്ദത്തിനും എതിരെയുള്ള വെല്ലുവിളി: ഓണം മലയാളിയുടെ ആഘോഷമാണ്, ജാതിമത ചിന്തകൾ കലർത്താതെ എല്ലാ മത വിഭാഗങ്ങളും ഒരു പോലെ മലയാളി മാത്രമായി ആഘോഷിക്കുന്ന ഉത്സവം.

മഹാബലിയുടെയും വാമനൻറെയും കഥ പ്രജാ വത്സലൻ ആയ മഹാ രാജാവിനോടുള്ള ദേവന്മാരുടെ അസഹിഷ്ണുതയുടെ കഥയാണ്. ജനാധിപത്യപരമായി ഭരണം നടത്തുന്ന, മതസൗഹാർദ്ദം  ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കുന്ന ഭരണാധികാരിയുടെ സന്ദേശമാണ് ഒരുവിധത്തിൽ ഓണം എന്ന ഉത്സവം നൽകുന്നത്. എല്ലാവരെയും ഒരുപോലെ കണ്ട, എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കിയ ഒരു ഭരണാധികാരിക്ക് അതിൻറെ പേരിൽ അധികാരത്തിൽ നിന്ന് പുറത്തു പോകേണ്ടി വരികയും, അയാളെ പുറത്താക്കിയ ദൈവീക സങ്കല്പം തന്നെ പ്രജാ വത്സലൻ ആയ ആ ഭരണാധികാരിക്ക് വർഷത്തിലൊരിക്കൽ പ്രജകളെ കാണുവാൻ പാതാളത്തിൽ നിന്നും തിരികെ വരുവാനുള്ള  അധികാരം കൽപ്പിച്ചു നൽകപ്പെട്ടു എന്ന ഐതിഹ്യമാണ് നമ്മുടെ ഓണ സങ്കല്പങ്ങൾക്ക് ആധാരം.

സാഹോദര്യത്തിനും, ജന ക്ഷേമത്തിനും, സഹിഷ്ണുതക്കും ഊന്നൽ നൽകുന്ന ഈ സങ്കൽപ്പത്തിന് നേരെയാണ് മതവും ജാതിയും കലർത്തി അസഹിഷ്ണുതയുടെ ബിംബങ്ങൾ ഇന്നു വെല്ലുവിളി ഉയർത്തുന്നത്. ഈ രീതിയിലാണ് മുൻപോട്ടുള്ള പോക്ക് എങ്കിൽ ഓണം എന്ന പേര് മാറി വാമന ജയന്തി എന്ന് ഹിന്ദു ഉത്സവമായി ഓണാഘോഷങ്ങൾ വഴി മാറുന്ന കാലവും വിദൂരമല്ല. തൻറെ വിദ്യാർത്ഥികൾക്ക് നൽകിയ ഓണ സന്ദേശത്തിൽ വാമനമൂർത്തിയെ അപമാനിച്ച ക്രൈസ്തവ സന്യാസിയെ കേരള പോലീസ് ആണ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മാപ്പ് പറയിച്ചത്. സംഘപരിവാർ സംഘടനകൾ ആണ് പോലീസ് സ്റ്റേഷനിൽ നടന്ന  മാപ്പുപറച്ചിൽ വീഡിയോയിൽ ഷൂട്ട് ചെയ്തു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.

ഇതെല്ലാം നടക്കുന്നത് ബിംബവൽക്കരിക്കപ്പെട്ട മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് അപ്പസ്തോലൻ പിണറായി വിജയൻ കേരളം ഭരിക്കുമ്പോൾ ആണെന്നുള്ളത് അപമാനകരം.ആർ എസ് എസു കാരുടെ ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ കൂസലില്ലാതെ നടന്നുപോയ ഇരട്ട ചങ്കൻ മാഹാത്മ്യങ്ങൾ ഇനി പറഞ്ഞ് ആവേശം കൊള്ളുവാൻ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർക്ക് അർഹതയില്ലാത്ത തരത്തിൽ അപമാനകരമാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ. പൊതുബോധം ഉയരേണ്ടത് ഇപ്പോഴാണ്. ഇല്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് കോവിഡിനെക്കാൾ വലിയ സാമൂഹ്യ വിപത്താണ്. മതഭ്രാന്ത് എന്ന അത്യന്തം വിനാശകരമായ വിപത്ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2