തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ, തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍പ്പട്ടികയെന്ന കേന്ദ്ര നിര്‍ദേശത്തെ സംസ്ഥാനസര്‍ക്കാര്‍ എതിര്‍ക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും കേന്ദ്ര നിലപാടിനോട് നേരത്തേതന്നെ സി.പി.എം. യോജിച്ചിരുന്നില്ല. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കോണ്‍ഗ്രസും സി.പി.ഐ.യും മുസ്‌ലിം ലീഗും നേരത്തേതന്നെ വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. സമവായത്തിന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളുമായി ചര്‍ച്ചനടത്തും.

കേരളത്തിന്റെ സാഹചര്യത്തില്‍ ലോക്‌സഭ, നിയസഭ തിരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍പ്പട്ടിക ഉപയോഗിക്കേണ്ടിവരുകയും അതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപന വാര്‍ഡ് വിഭജനം നടത്തുകയും ചെയ്യുന്നത് കീറാമുട്ടിയാകുമെന്നാണ് കരുതുന്നത്.എന്നാൽ ഒരേ പട്ടികതന്നെ ഉപയോഗിക്കുന്നത് ഭാവിയില്‍ തിരഞ്ഞെടുപ്പ് ചെലവും ജോലിഭാരവും കുറയ്ക്കുമെന്നാണ് കേന്ദ്ര വിലയിരുത്തല്‍.

കേന്ദ്രനീക്കം ഫെഡറലിസത്തിന് എതിരാണെന്നും ഇക്കാര്യത്തില്‍ സി.പി.എം. നേരത്തേതന്നെ അഭിപ്രായം വ്യക്തമാക്കിയതാണെന്നും മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ത്തിയാക്കിവരികയാണ്. അതുമായി സഹകരിച്ച്‌ മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ കൂടാതെ യു.പി., ഉത്തരാഖണ്ഡ്, അസം, മധ്യപ്രദേശ്, ഒഡിഷ, അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പിന് പ്രത്യേക വോട്ടര്‍പ്പട്ടിക ഉപയോഗിക്കുന്നത്. ഒറ്റ വോട്ടര്‍പ്പട്ടികയും ഒന്നിച്ചുള്ള തിരഞ്ഞെടുപ്പും ബി.ജെ.പി.യുടെ പ്രകടനപത്രികയിലെ നയമാണ്. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേന്ദ്രനിര്‍ദേശത്തിന് വഴങ്ങും. വിയോജിപ്പുണ്ടെങ്കിലും കേരളത്തിന് കേന്ദ്രനിലപാട് അംഗീകരിക്കേണ്ടിവരുമെന്നാണ് കരുതുന്നത്.

ഒറ്റപ്പട്ടിക ബാധകമാക്കാന്‍ പഞ്ചായത്ത്, മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകള്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകള്‍ക്ക് അധികാരംനല്‍കുന്ന ഭരണഘടനാ വകുപ്പുകളില്‍ ഭേദഗതി വേണ്ടിവരും. ഭരണഘടനയുടെ 243-കെ, സെഡ്-എ വകുപ്പുകളാണ് ഭേദഗതി ചെയ്യേണ്ടിവരുക. ഇപ്പോഴത്തെനിലയില്‍ നിയമഭേദഗതി കേന്ദ്രസര്‍ക്കാരിന് അനായാസം നടത്താം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍പ്പട്ടിക ഉപയോഗിക്കാന്‍ സംസ്ഥാന നിയമങ്ങളിലും ഭേദഗതി വേണ്ടിവരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2