കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ മഞ്ജുവിൻറെ മൊഴി വിചാരണക്കോടതി രേഖപ്പെടുത്തിയില്ല. നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണമാണ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നടത്തിയിട്ടുള്ളത്. കേസിനെ സ്വാധീനിക്കാനുളള പ്രതിയുടെ ശ്രമമെന്നറിഞ്ഞിട്ടും ഇടപെട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലത്തിൽ വിശദമാക്കുന്നു.

കേസിലെ എട്ടാം പ്രതിയായ ദിലീപ് മകളെ ഉപയോഗിച്ച് മഞ്ജു വാര്യരെ സ്വാധീനിക്കാൻ നടത്തിയ ശ്രമത്തെക്കുറിച്ചുള്ള മൊഴി രേഖപ്പെടുത്തുന്നതിൽ കോടതിയിൽ വീഴ്ചയുണ്ടായി. ഈ സുപ്രധാന മൊഴി വിചാരണക്കോടതി രേഖപ്പെടുത്തിയില്ല. കേസിൽ മൊഴി കൊടുക്കുന്നതിന് മൂന്ന് ദിവസം മുൻപ് മകൾ മഞ്ജുവിനെ വിളിച്ച് ദിലീപിനെതിരെ മൊഴി നൽകരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജു നൽകിയ മൊഴി.
കേസിൽ വിചാരണ കോടതിയുടെ വിസ്താരം വെള്ളിയാഴ്ച വരെ ഹൈക്കോടതി തടഞ്ഞു. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും സർക്കാരും നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചാണ് തീരുമാനം.

ഹർജിയിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും. ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും കോടതിക്ക് പിഴവുപറ്റി. തന്നെ വകവരുത്തുമെന്ന് ദീലിപ് നടി ഭാമയോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി മൊഴി നൽകിയിരുന്നു.എന്നാൽ ഇക്കാര്യവും രേഖപ്പെടുത്താൻ കോടതി തയാറായില്ല. കേട്ടറിവ് മാത്രമെന്നായിരുന്നു വിചാരണക്കാടതിയുടെ ന്യായമെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
വിചാരണ കോടതിയിൽ വിശ്വാസം ഇല്ലെന്ന് പറഞ്ഞ് പ്രോസിക്യൂഷൻ കോടതിയിൽ നിന്ന് ഇറങ്ങി പോകുന്ന സാഹചര്യം വരെ ഉണ്ടായിരുന്നതിനാൽ വിചാരണക്കോടതി നടപടികൾ നിലവിൽ നടക്കുന്നില്ല. കോടതി കേസ് പരിഗണിച്ച ഉടനെ തന്നെ സാക്ഷികളെ ആക്ഷേപിക്കപ്പെട്ടതിനാൽ പലരും കോടതിയിലേക്ക് വരാൻ പോലും തയ്യാറാകുന്നില്ലെന്നായിരുന്നു നടിയുടെ വാദം. പല സാക്ഷികളേയും ആക്ഷേപിച്ചിട്ടും കോടതി ഇടപെട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2