സംസ്ഥാനത്ത് ക്രൈംബ്രാഞ്ച് വിഭാഗത്തിന്റെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പുതുക്കിയ മാര്‍നിര്‍ദ്ദേശം പുറത്തിറക്കി. ഇത് പ്രകാരം ക്രൈം ബ്രാഞ്ചിന് ഇനി നേരിട്ട് കേസെടുക്കാന്‍ കഴിയില്ല. സംസ്ഥാന പൊലീസ് മേധാവിയുടെയോ സംസ്ഥാന സര്‍ക്കാരിന്റെയോ കോടതിയുടെയോ നിര്‍ദ്ദേശ പ്രകാരം മാത്രമേ കേസെടുക്കാനാവൂ.

പൊലീസ് കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസെടുകള്‍ ഉടന്‍ ക്രൈം ബ്രാഞ്ചിന് കൈമാറണം. അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള സാമ്ബത്തിക തട്ടിപ്പ് കേസുകളും ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കേണ്ടത്. 30 ദിവസത്തിനകം തെളിയാത്ത കൊലപാതക കേസും ആയുധങ്ങള്‍ കൈവശം വച്ച കേസും മോഷണ കേസും ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നും ഉത്തരവിലുണ്ട്.

കേരള പൊലീസിന്റെ കീഴില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് ക്രൈം ബ്രാഞ്ച്. ക്രമസമാധാന ചുമതലയില്ല, മറിച്ച്‌ അന്വേഷണം മാത്രമാണ് ഉള്ളത്. സിആര്‍പിസി പ്രകാരം പൊലീസ് സ്റ്റേഷന് കേസ് രജിസ്റ്റര്‍ ചെയ്യാം. ക്രൈം ബ്രാഞ്ച് പൊലീസ് സ്റ്റേഷനായി വിജ്ഞാപനം ചെയ്തിട്ടുള്ളതാണ്. സാധാരണ കേസുകളില്‍ പ്രാഥമിക അന്വേഷണം നടത്തി, വിശദമായ അന്വേഷണം ആവശ്യമാണെങ്കില്‍ ക്രൈം ബ്രാഞ്ച് കേസ് നടത്തുകയാണ് ചെയ്യുന്നത്. സോളാര്‍ കേസ് ഇത്തരത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയ കേസായിരുന്നു. പുതിയ ഉത്തരവ് പ്രകാരം ക്രൈം ബ്രാഞ്ച് മേധാവിക്ക് സ്വമേധയാ മുന്നോട്ട് പോകാനാവില്ല. ഇത് നിയമപ്രകാരം തെറ്റാണെന്നാണ് വിമര്‍ശനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2