കോട്ടയം: പൂഞ്ഞാർ പിടിക്കാൻ കാർഷിക വിപണിയുമായി കേരള കോൺഗ്രസ് രംഗത്ത്. പി.സി ജോർജിനെ തറപറ്റിക്കാൻ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിനെ ഇടതു മുന്നണി സ്ഥാനാർത്ഥിയായി അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് കർഷകരെ ഒപ്പം നിർത്താൻ കേരള കോൺഗ്രസ് എം കാർഷിക വിപണി സജീവമാക്കിയിരിക്കുന്നത്.

കാർഷിക മേഖലയിൽ ഉണർവ് പകരുന്നതിനും, നാടൻ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും അതോടൊപ്പം തൊഴിൽ ആവശ്യമുള്ളവർക്ക് തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനുമായി ആരംഭിച്ചിരിക്കുന്ന ട്രസ്റ്റാണ് മലയോര മേഖലയിൽ കേരള കോൺഗ്രസിന്റെ ഇടപെടലിന്റെ ശബ്ദമായി മാറുന്നത്. കെയർ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മലയോര കർഷക കൂട്ടായ്മ എന്ന പേരിലുള്ള വെബ് സൈറ്റിലൂടെയാണ് കാർഷിക വിപണി ആരംഭിക്കുന്നത്.

കെയർ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ്, കേരള കോൺഗ്രസ് എം പാർട്ടിയുടെ പിൻതുണയിൽ ആരംഭിച്ചിട്ടുള്ള ഒരു സാമൂഹിക സേവന പ്രസ്ഥാനം ആണ്. ഈ ട്രസ്റ്റിന്റെയും വെബ് സൈറ്റിന്റെയും ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 15 ന് ഉച്ച കഴിഞ്ഞ് മൂന്നിനു ഈരാറ്റുപേട്ട പുളിക്കൽ ഓഡിറ്റോറിയത്തിൽ കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.

യോഗത്തിൽ ഈരാറ്റുപേട്ട നഗരസഭ അദ്ധ്യക്ഷ സുഹ്റ അബ്ദുൾ ഖാദർ, അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി റവ.ഡോ.അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, ഇമാം കൗൺസിൽ ചെയർമാൻ ജനാബ് നദീർ മൗലവി, പൂഞ്ഞാർ രാജകുടുംബാംഗം ദിലീപ്കുമാർ വർമ്മ, ഈരാറ്റുപേട്ട വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ.എം.എ ഖാദർ എന്നിവർ സംബന്ധിക്കും.

ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ശുദ്ധമായ തനത് ഉത്പന്നങ്ങൾ കർഷകർക്ക് ന്യായവില ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കൾക്കു ലഭ്യമാക്കുന്ന തികച്ചും സൗജന്യമായ സേവനമാണ് ട്രസ്റ്റിന്റെ ഈ കാൽവയ്പ്പിലൂടെ സാധ്യമാകുന്നത്. കാർഷിക ഉത്പന്ന വിപണനം കൂടാതെ വിദഗ്ധ അവിദഗ്ധ തൊഴിൽ അവസരങ്ങളെക്കുറിച്ചുള്ള ഒരു സൗജന്യ തൊഴിൽ വീഥിയും വെബ് സൈറ്റിൽ ലഭ്യമാണ്.

2021 മാർച്ച് ഒന്നു മുതൽ വെബ് സൈറ്റിന്റെയും മൊബൈൽ ആപ്ലിക്കേഷന്റെയും പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിക്കും. ഉദ്ഘാടന സമ്മേളനത്തിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ട്രസ്റ്റ് ഭാരവാഹികളായ ജോണിക്കുട്ടി മഠത്തിനകം, ജോളി മടുക്കക്കുഴി, ജോർഡിൻ കിഴക്കേത്തലയ്ക്കൽ, ശ്രീകാന്ത് എസ്.ബാബു എന്നിവർ പങ്കെടുത്തു.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2