കേരള കോൺഗ്രസ് ജോസ് ജോസഫ്  പക്ഷങ്ങൾ വീണ്ടും പോർമുഖം വീണ്ടു തുറന്നിരിക്കുകയാണ്. നിലവിൽ തങ്ങളോടൊപ്പം നിൽക്കുന്ന പ്രവർത്തകരെ പരമാവധി പിടിച്ചു നിർത്തുകയും, മറുപക്ഷത്ത് നിൽക്കുന്നവരെ തങ്ങളിലേക്ക് പരമാവധി ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന രാഷ്ട്രീയ തന്ത്രമാണ് ഇരുകൂട്ടരും പയറ്റുന്നത്. നിലവിലെ രാഷ്ട്രീയ പരിതസ്ഥിതിയിൽ ജോസഫ് പക്ഷത്തേക്ക് കൂടുതൽ ആളുകൾ ചുവടു മാറുകയാണ്. ഈയൊരു പശ്ചാത്തലത്തിൽ കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൻറെ ഉള്ളു കളികളെക്കുറിച്ച് കേരള സ്പീക്സ് ഒരു തുറന്നെഴുത്ത് നടത്തുന്നു:

കെഎം മാണിയും പിജെ ജോസഫും:

രണ്ടുപതിറ്റാണ്ടായി സംസ്ഥാന രാഷ്ട്രീയത്തിൽ പ്രബലമായി നിൽക്കുന്ന കേരള കോൺഗ്രസ് വിഭാഗങ്ങൾ കെഎം മാണിയുടെയും പി ജെ ജോസഫിൻറെയും നേതൃത്വത്തിലായിരുന്നു. 2010 ഏപ്രിൽ മാസം വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ നിന്നും രാജിവെച്ച പി ജെ ജോസഫ് പ്രതിപക്ഷത്ത് ആയിരുന്ന മാണി വിഭാഗവുമായി ലയിച്ച് ഐക്യ കേരള കോൺഗ്രസ് എന്ന ആശയത്തിൽ വലിയ ചുവടുവെപ്പ് നടത്തി. കെ എം മാണിയുടെ സീനിയോരിറ്റി അംഗീകരിച്ചു കൊടുത്തു ജോസഫ് ലയനം പൂർത്തിയാക്കിയപ്പോൾ മാണി ചെയർമാനും ജോസഫ് വർക്കിംഗ് ചെയർമാനുമായ ഒരു പാർട്ടി ഭരണഘടനയാണ് നിലവിൽ വന്നത്. തുടർന്ന്
2016ലെ പൊതുതിരഞ്ഞെടുപ്പിൽ വെറും രണ്ട് സീറ്റുകളുടെ ഭൂരിപക്ഷത്തിൽ ഉമ്മൻചാണ്ടി മന്ത്രിസഭ അധികാരമേറ്റു.

പിൻവാതിലിലൂടെയാണ് മാണി ജോസഫിന് യുഡിഎഫ് പ്രവേശം ഒരുക്കിയത് എന്ന് ആരോപിച്ച കോൺഗ്രസ് നേതാക്കൾക്ക് പോലും പി ജെ ജോസഫിൻറെ സാന്നിധ്യമാണ് യുഡിഎഫ് വിജയം ഉറപ്പാക്കിയത് എന്ന് സമ്മതിക്കേണ്ടി ഒരു സാഹചര്യമാണ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കണ്ടത്. പി ജെ ജോസഫ്, മോൻസ് ജോസഫ് എന്നീ സ്ഥാനാർത്ഥികൾ ഏതു മുന്നണിയിൽ മത്സരിച്ചാലും വിജയം ഉറപ്പായിരുന്നു. ഒരുപക്ഷേ അവർ മറുപക്ഷത്ത് ആയിരുന്നുവെങ്കിൽ കേരളം, 70 സീറ്റ് യുഡിഎഫിന് 70 സീറ്റ് എൽഡിഎഫിന് എന്ന രാഷ്ട്രീയ ബലാബലം അഭിമുഖീകരിച്ച് ഒരു ഭരണ സ്തംഭനത്തിലേക്ക് നീങ്ങിയേനെ. അതുകൊണ്ടുതന്നെ കെ എം മാണിയുടെ രാഷ്ട്രീയ തന്ത്രജ്ഞത അംഗീകരിച്ച് കോൺഗ്രസ് തങ്ങളുടെ കൈവശമിരുന്ന ധനകാര്യവകുപ്പ് കെ എം മാണിക്ക് കൈമാറി. മാണിയും ജോസഫും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ കേരള കോൺഗ്രസ് പ്രതിനിധികൾ ആയി സത്യപ്രതിജ്ഞ ചെയ്തു.

ബാർകോഴയും, പി ജെ ജോസഫും:

കെഎം മാണി തൻറെ രാഷ്ട്രീയ ജീവിതത്തിൽ അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ബാർ കോഴ ആരോപണം. ധാർമികമായി രാജിവയ്ക്കേണ്ട പരിതസ്ഥിതി ഉണ്ടായിട്ടും കെഎം മാണി എന്ന രാഷ്ട്രീയ തന്ത്രജ്ഞൻ കോടതി കയറി അനുകൂലവിധി സമ്പാദിക്കുക എന്ന രാഷ്ട്രീയ വിഡ്ഢിത്തം പ്രവർത്തിച്ചത് ചുറ്റും നിന്ന ചില ഉപഗ്രഹങ്ങളുടെ നിർബന്ധത്തിനു വഴങ്ങിയാണ്. എന്നാൽ ഈ നീക്കങ്ങൾ തിരിച്ചടിച്ചു. കോടതികളിൽ നിന്ന് പ്രതികൂല പരാമർശം  ഉണ്ടായി രാജിവയ്ക്കേണ്ട സാഹചര്യം സമാഗതം ആയപ്പോൾ തനിക്കൊപ്പം പി ജെ രാജിവെക്കണമെന്ന് മാണി ആഗ്രഹിച്ചു. എന്നാൽ കെ എം മാണിയുടെ മകൻ ജോസ് കെ മാണിയുടെ ഉപദേശപ്രകാരം യുഡിഎഫ് നേതൃത്വത്തെ സമ്മർദ്ദത്തിൽ ആക്കുവാൻ അതിനുമുമ്പ് മുന്നണി വിടുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. അത്തരത്തിൽ ഒരു സാഹചര്യം തടയുന്നതിനുവേണ്ടി പി ജെ ജോസഫും ആയി കോൺഗ്രസ് നേതാക്കൾ മുൻപേതന്നെ ബന്ധപ്പെടുകയും മാണി വിട്ടുപോയാലും ജോസഫും ഭൂരിപക്ഷം എംഎൽഎമാരും യുഡിഎഫിനൊപ്പം നിൽക്കും എന്ന രാഷ്ട്രീയ ധാരണ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇക്കാരണങ്ങളാൽ മാണിക് ഒപ്പം രാജിവെക്കാൻ ജോസഫ് തയ്യാറായില്ല. കെ എം മാണിക്ക് ധാർമിക പിന്തുണ നൽകി ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച തോമസ് ഉണ്ണിയാടൻ ഇന്ന് ജോസഫ് പക്ഷത്ത് ശക്തനായ നേതാവാണ്.

ജോസ് കെ മാണിയുടെ രാഷ്ട്രീയ നീക്കങ്ങൾ:

2016 ലെ തിരഞ്ഞെടുപ്പിൽ കെഎം മാണി വിജയിച്ചെങ്കിലും മകൻ യുഡിഎഫ് നേതൃത്വത്തിൽ നിന്ന് അകന്നു നിൽക്കാൻ തീരുമാനമെടുത്തു. അതിൻറെ പ്രത്യാഘാതമാണ് പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടത്.പിതാവിൻറെ ദിനങ്ങൾ എണ്ണപ്പെട്ടു എന്ന് മനസ്സിലാക്കിയ രാഷ്ട്രീയക്കാരനായ ജോസ് കെ മാണി യുഡിഎഫ് വിട്ടു പോകുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ കോൺഗ്രസ് നേതാക്കളെ കടന്നാക്രമിച്ചു. എന്നാൽ പി ജെ ജോസഫ് മൃദുവായ ഒരു സമീപനമാണ് സ്വീകരിച്ചത്. കോൺഗ്രസ് വിരുദ്ധ തരംഗം അണികളിൽ സൃഷ്ടിച്ചു പാർട്ടിയുടെ ചെയർമാൻ സ്ഥാനത്ത് എത്താം എന്ന് അദ്ദേഹം കണക്കുകൂട്ടി. എന്നാൽ ദീർഘവീക്ഷണമുള്ള കെ എം മാണി തൻറെ മകൻറെ ആ നീക്കത്തിന് താൽക്കാലിക തടയിട്ടു. ഇടതുപക്ഷത്തേക്ക് ചേ ക്കേറുന്നതിൻറെ ആദ്യപടിയായി കോൺഗ്രസ് സ്ഥാനാർഥി രാജിവെച്ച ഒഴിവിൽ കോട്ടയം ജില്ലാ പഞ്ചായത്തിലേ അധ്യക്ഷ പദവിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മുൻധാരണകൾക്ക് വിരുദ്ധമായി ഇടതുപക്ഷ പിന്തുണയോടെ സ്വന്തം സ്ഥാനാർഥിയെ മത്സരിപ്പിച്ച് ജോസ് കെ മാണി ജില്ലാ പഞ്ചായത്ത് അധ്യക്ഷപദവി കൈക്കലാക്കി. എന്നാൽ ഒരു കാരണവശാലും ഇടതുപക്ഷ മുന്നണിയിലേക്ക് മടങ്ങി പോകില്ല എന്ന് തീരുമാനിച്ച് ജോസഫ് ചെലുത്തിയ നിരന്തര സമ്മർദ്ദങ്ങളുടെ ഫലമായി ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഓടുകൂടി മാണി വിഭാഗം തിരികെ യുഡിഎഫ് മുന്നണിയുടെ ഭാഗമായി. മാണിയുടെ പിന്തുണ ഉണ്ടായിട്ടും ചെങ്ങന്നൂരിൽ യുഡിഎഫ് പരാജയപ്പെട്ടു. എന്നിരുന്നാലും രാഷ്ട്രീയ മര്യാദയുടെ പേരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുസ്ലിംലീഗ് എന്നീ പ്രബല ഘടകകക്ഷികൾ കോൺഗ്രസിൻറെ കൈവശമിരുന്ന രാജ്യസഭാ സീറ്റ് തിരികെ വരവിൻറെ ഭാഗമായി കേരള കോൺഗ്രസിന് കൈമാറി. പിജെ കുര്യൻ, പിസി ചാക്കോ എന്നീ സീനിയർ കോൺഗ്രസ് നേതാക്കൾക്ക് സാധ്യത കൽപ്പിച്ചിരുന്ന സീറ്റാണ് മാണി കോൺഗ്രസിന് വിട്ടുനൽകിയത്. കോട്ടയം ജില്ലയിൽ കോൺഗ്രസുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കോൺഗ്രസ് അണികളുടെ എതിർപ്പിനു പാത്രമായിരുന്നു ജോസ് കെ മാണി ഒരു പൊതുതെരഞ്ഞെടുപ്പിനുളള സാഹചര്യം ഒഴിവാക്കി രാജ്യസഭ ഏറ്റെടുത്തു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർലമെൻറിലേക്ക് മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന ജോസഫിൻറെ ആഗ്രഹങ്ങൾ അട്ടിമറിച്ച് ജോസ് കെ മാണി വിശ്വസ്തനായ തോമസ് ചാഴികാടന് കോട്ടയം പാർലമെൻറ് സീറ്റ് നൽകി. പി ജെ ജോസഫിന് പാർലമെൻറ് സീറ്റ് കൊടുക്കാം എന്ന് വാക്കു പറഞ്ഞിരുന്ന കെ എം മാണി കുടുംബത്തിനുള്ളിലെ സമ്മർദ്ദങ്ങൾക്ക് വശംവദനായി ജോസിൻറെ തീരുമാനം അംഗീകരിച്ചു. തോമസ് ചാഴികാടൻറെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതാണ് കെ എം മാണിയുടെ അവസാന രാഷ്ട്രീയ പ്രഖ്യാപനം. ഇത്തരത്തിൽ ഒരു ഘട്ടത്തിൽ പിജെ ജോസഫിനെ തീർത്തും നിഷ്പ്രഭമാക്കി ജോസ് കെ മാണി പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുത്തിരുന്നു.

കെ എം മാണിയുടെ മരണം: 

പാർലമെൻറ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു കെ എം മാണിയുടെ മരണം. സഹതാപ തരംഗത്തിന് ആനുകൂല്യത്തിൽ തോമസ് ചാഴികാടൻ റെക്കോർഡ്  ഭൂരിപക്ഷത്തിന്കോട്ടയത്തുനിന്ന് തിരഞ്ഞെടുക്കപ്പെട്ടു. അതിനെ തുടർന്ന് ജോസ് കെ മാണി പാർട്ടിചെയർമാൻ ആകുവാൻ ചരട് വലിച്ചങ്കിലും മാണിയുടെ വിശ്വസ്തരായ നേതാക്കളെ അകറ്റി നിർത്തിയത് ജോസ് കെ മാണിക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. സി എഫ് തോമസ്, ജോയി എബ്രഹാം, തോമസ് ഉണ്ണിയാടൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ജോസഫിനൊപ്പം നില കൊള്ളുകയും ചെയർമാൻ സ്ഥാനത്ത് സ്വയം അവരോധിച്ച ജോസ് കെ മാണിയുടെ നീക്കങ്ങൾക്ക് കോടതി തട ഇടുകയും ചെയ്തു. കോടതിയിലും, തിരഞ്ഞെടുപ്പ് കമ്മീഷനിലും വ്യവഹാരങ്ങൾ തുടരുകയാണ്. സി എഫ് തോമസ് ജോസഫിനൊപ്പം ചേർന്നതോടെ നിയമസഭയിൽ ജോസിനെ പിന്തുണയ്ക്കുന്ന കേരള കോൺഗ്രസ് എംഎൽഎമാർ ന്യൂനപക്ഷമായി. പി ജെ ജോസഫിന് പാർലമെൻറ് സ്ഥാനാർഥിത്വം നൽകിയിരുന്നെങ്കിൽ നിയമസഭാകക്ഷിയിൽ ഭൂരിപക്ഷം നേടുകയും സംസ്ഥാന രാഷ്ട്രീയത്തിലെ പി ജെയുടെ അഭാവം മുതലാക്കി പാർട്ടി കൈയടക്കുകയും ചെയ്യാൻ ജോസിന് ആകുമായിരുന്നു.

പാലാ ഉപതെരഞ്ഞെടുപ്പ്: 

കെഎം മാണിയുടെ നിര്യാണത്തോടെ പാലായിൽ ഉപതെരഞ്ഞെടുപ്പ് നടന്നു. പിജെ ജോസഫിനെ അംഗീകരിക്കാതിരുന്ന ജോസ് കെ മാണി തൻറെ പിടിവാശി മൂലം സ്വന്തം സ്ഥാനാർത്ഥിക്ക് പാർട്ടി ചിഹ്നം നഷ്ടപ്പെടുത്തി. സ്ഥാനാർഥി നിർണയത്തിൽ ജോസിന് പിഴവു പറ്റി. തനിക്കു വേണ്ടി മാറി തരുമെന്ന് ഉറപ്പുള്ള ജോസ് ടോമിന് അവസരം നൽകിയപ്പോൾ കൂടെ നിൽക്കുന്ന പല പ്രമുഖരും ഉള്ളിൽ ജോസിനോട് നീരസപ്പെട്ടു. ആദ്യ തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രമുഖ യുഡിഎഫ് നേതാക്കൾ വേദിയിൽ ഇരിക്കെ പിജെ ജോസഫിനെ ജോസിൻറെ അണികൾ കൂവി വിളിച്ചതും അദ്ദേഹം അതിനെ തടയാതെ ഇരുന്നതും, മുൻകാലങ്ങളിൽ ചവിട്ടി അരക്കെക്കപ്പെട്ട കോൺഗ്രസ് അണികൾ തിരിഞ്ഞു കുത്തിയതും, സ്ഥാനാർഥി നിർണയ വേളയിൽ സ്വന്തം ഭാര്യയെ സ്ഥാനാർത്ഥിയാക്കാൻ നടത്തിയ നീക്കങ്ങളും എല്ലാം ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പ് ജോസ് പക്ഷത്തിന് ഉണ്ടാക്കി. മുപ്പതിനായിരത്തിൽ പരം വോട്ടിന് പാർലമെൻറ് തിരഞ്ഞെടുപ്പിൽ പാലായിൽ മുന്നിട്ടു നിന്ന യുഡിഎഫ് അങ്ങനെ മൂവായിരത്തി അടുത്ത വോട്ടിന് 50 വർഷം കെഎം മാണിയുടെ കുത്തകയായിരുന്ന പാലാ നിയമസഭാ സീറ്റിൽ പരാജയപ്പെട്ടു.

യുഡിഎഫിൽ നിന്ന് പുറത്തേക്ക്: 

കോട്ടയം ജില്ലാ പഞ്ചായത്തിൽ കോൺഗ്രസ് മുന്നിട്ടു നടത്തിയ അധ്യക്ഷപദവി വീതം വെപ്പ് ജോസ് കെ മാണി പക്ഷം അട്ടിമറിച്ചു. രാജിവെക്കേണ്ട സമയത്ത് രാജി വെച്ച് ഇല്ല എന്ന് മാത്രമല്ല അത്തരത്തിൽ യാതൊരു ധാരണയുമില്ല എന്നും അവർ പ്രഖ്യാപിച്ചു. ഉമ്മൻചാണ്ടി പോലും ഉണ്ട് എന്നു പറഞ്ഞ ധാരണയാണ് ജോസ് നിഷേധിച്ചത്. സമരസപ്പെടാൻ പരമാവധി ശ്രമിച്ചിട്ടും ജോസ് സഹകരിക്കാത്തതിനെ തുടർന്ന് മറ്റു വഴികളില്ലാതെ യുഡിഎഫിന് അവരെ മുന്നണിയിൽ നിന്ന് പുറത്താക്കണ്ടി വന്നു. അപ്പോഴും പിണറായി വിജയൻറെ പ്രതിച്ഛായയുടെ ആനുകൂല്യത്തിൽ ഒരു തുടർ ഭരണം പ്രതീക്ഷിക്കുന്ന എൽഡിഎഫ് ആണ് സുരക്ഷിത ലാവണം എന്ന പ്രതീക്ഷയിലായിരുന്നു ജോസ് കെ മാണി. അപ്രതീക്ഷിതം അല്ല എങ്കിൽ കൂടിയും സിപിഐ ഉയർത്തിയ എതിർപ്പ് ജോസ് പക്ഷത്തെ അസ്വസ്ഥമാക്കി. എന്തിരുന്നാലും വ്യക്തമായ ഉറപ്പ് സിപിഎം നേതൃത്വത്തിൽനിന്ന് ജോസ് നേടിയെടുത്തിരുന്നു.

സ്വർണക്കടത്തും മാറിയ രാഷ്ട്രീയ സാഹചര്യവും: 

ജോസ് കെ മാണിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് സ്വർണ്ണക്കടത്ത് വിഷയമാണ്. പരമ്പരാഗതമായിത്തന്നെ കേരളകോൺഗ്രസുകൾ യുഡിഎഫ് ആഭിമുഖ്യം ഉള്ളവരാണ്. എങ്കിലും എൽഡിഎഫ് സർക്കാരിൻറെ തുടർ ഭരണ സാധ്യതകളാണ് ജോസ് കെ മാണികൊപ്പം ചിലരെയെങ്കിലും പിടിച്ചുനിർത്തിയത്. എന്നാൽ പിണറായി വിജയനും ഇടതുപക്ഷത്തിനും സ്വർണക്കടത്തു കേസിലെ പശ്ചാത്തലത്തിൽ വന്ന പ്രതിഛായാ നഷ്ടം ജോസ് കെ മാണിക്ക് ഇരുട്ടടി ആണ്. ഇരു മുന്നണികളിലും ഇല്ലാതെ നിൽക്കുന്ന ജോസ് പക്ഷത്തുനിന്നും പി ജെ ജോസഫിനെ തേടി നേതാക്കളുടെ ഒഴുക്കാണ്. യുഡിഎഫിനൊപ്പം നിൽക്കുന്നതാണ് തങ്ങൾക്ക് നല്ലത് എന്ന് മനസ്സിലാക്കിയ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി മോഹികൾ ആണ് ഇവരിൽ പലരും.

സാഹചര്യങ്ങൾ വിശകലനം ചെയ്താൽ ഒരു കാര്യം വ്യക്തമാണ്. ജോസ് കെ മാണി ദുർബലൻ അകപ്പെട്ടിരിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കടന്നു വരുവാൻ അദ്ദേഹത്തിനു മുമ്പിൽ സാഹചര്യങ്ങൾ ഇല്ല. സംസ്ഥാന രാഷ്ട്രീയത്തിൽ പ്രമുഖ മുഖം റോഷി ആണ്. ജോസ് കെ മാണിക്ക് അദ്ദേഹത്തെ തീർത്തും വിശ്വാസമില്ല. രാജ്യസഭ വേണ്ട എന്ന് വെച്ച് മത്സരിച്ചാലും വിജയം ഉറപ്പുള്ള ഒരു സീറ്റ് പോലും അദ്ദേഹത്തിനില്ല. മാണി സി കാപ്പൻ പാലായിൽ ചുവടുറപ്പിച്ചു. ജോസ് കെ മാണി അദ്ദേഹത്തോട് മത്സരിച്ചാൽ പരാജയപ്പെടാൻ ആണ് സാധ്യത കൂടുതൽ. കെഎം മാണിയുടെ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ആയുധങ്ങൾ തന്ത്രജ്ഞതയും, നയ ചാതുര്യവും ആയിരുന്നു. ഈ രണ്ടു കഴിവുകളും ഇല്ലാതെ പോയതാണ് ജോസ് കെ മാണിയുടെ രാഷ്ട്രീയ തിരിച്ചടിക്ക് കാരണം. എന്തിരുന്നാലും രാഷ്ട്രീയം പ്രവചനാതീതമാണ്. ജോസ് കെ മാണിയുടെ രാഷ്ട്രീയ പ്രസക്തിയും ഭാവിയും കണ്ടറിയുക തന്നെ വേണം.

 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2