രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായിൽ എത്തിയപ്പോൾ മാണി സി കാപ്പൻ ഇടതുപക്ഷം വിട്ട് ഐക്യജനാധിപത്യ മുന്നണിയോടൊപ്പം ചേർന്നിരുന്നു. അതുകൊണ്ടുതന്നെ വികസന മുന്നേറ്റ യാത്രയിൽ വലിയ ജനപങ്കാളിത്തം ഉണ്ടാക്കേണ്ടത് സിപിഎമ്മിനും, ജോസ് കെ മാണിക്കും അഭിമാന വിഷയമായിരുന്നു.

ഇരുകൂട്ടരും പരമാവധി സംഘടനാ സംവിധാനം ഉപയോഗിച്ച് വലിയ രീതിയിൽ ആളെ എത്തിക്കുകയും, യുഡിഎഫ് കാപ്പൻ സഖ്യം ഐശ്വര്യ കേരളയാത്രയിൽ അവതരിപ്പിച്ച ബൈക്ക് റാലിയെ കവച്ചുവെക്കുന്ന ബൈക്ക് റാലി സംഘടിപ്പിക്കുകയും ചെയ്തു. എന്നാൽ യുഡിഎഫ് – ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്ത ജനസാഗരത്തെ മറികടക്കുവാൻ വികസന യാത്രയ്ക്കായില്ല. ഇടതുപക്ഷവും കേരള കോൺഗ്രസ് പ്രവർത്തകരും  ഇരുകൂട്ടരും പൂർണമായി സമരസപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ജാഥയിൽ നടന്ന സംഭവവികാസങ്ങൾ.

ജോസ് കെ മാണിയുടെ പ്രസംഗം ഒഴിവാക്കി

പ്രഖ്യാപിച്ചതിനേക്കാൾ വൈകിയാണ് പ്രകടനം ആരംഭിച്ചത്. അതുകൊണ്ടുതന്നെ ആളുകൾ മുഷിഞ്ഞു തുടങ്ങിയിരുന്നു. ടൗൺ രൂക്ഷമായ ഗതാഗതക്കുരുക്കും ഉണ്ടായി. ഈ സാഹചര്യങ്ങൾ പരിഗണിച്ച് പരിപാടി വെട്ടിച്ചുരുക്കുകയായിരുന്നു. എന്നാൽ വെട്ടിച്ചുരുക്കലിൽ പുറത്തായത് ജോസ് കെ മാണി തന്നെയാണ്. പാലായിൽ ആദ്യമായി അസംബ്ലി തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന കേരള കോൺഗ്രസ് ചെയർമാന് ഇടതുപക്ഷ വേദിയിൽ പ്രസംഗിക്കാൻ അവസരം നിഷേധിച്ചത് കേരള കോൺഗ്രസ് അണികളെ നിരാശപ്പെടുത്തി. പാലാ ഉൾപ്പെടെ ഇവിടെയും ഇടതുപക്ഷത്ത് വല്യേട്ടൻ സിപിഎം തന്നെയാണ് എന്ന് പറയാതെ പറയുകയാണ് ഇന്ന് നടന്ന സംഭവം. യുഡിഎഫ് പക്ഷത്ത് കേരള കോൺഗ്രസിന് ലഭിച്ചിരുന്ന അപ്രമാദിത്യം പാലായിൽ ഇടതുപക്ഷത്ത് ഇരിക്കുമ്പോൾ കിട്ടില്ല എന്ന് ഇത് വ്യക്തമാക്കുന്നു.

വിതരണത്തിനെത്തിച്ച പത്രങ്ങൾ കീറിയെറിഞ്ഞ് ഇടതുപക്ഷ പ്രവർത്തകർ

ജോസ് കെ മാണി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ വികസന യാത്രക്ക് അഭിവാദ്യം നേരുന്ന സന്ദേശം സ്റ്റിക്കർ ആയി പതിപ്പിച്ച മലയാള മനോരമ പത്രത്തിൻറെ കോപ്പികൾ യാത്രയിൽ വിതരണം ചെയ്യുവാൻ കേരള കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു. എന്നാൽ ഇടതുപക്ഷ പ്രവർത്തകർ ഇത് തടയുകയും, പത്രങ്ങൾ കീറുകയും ചെയ്തു. സർക്കാർവിരുദ്ധ വാർത്തകൾ മനോരമയുടെ ഒന്നാം പേജിൽ ഉണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ പത്രങ്ങൾ കീറിയത്. എന്നാൽ കേരള കോൺഗ്രസുകാർ വിതരണത്തിനായി എത്തിച്ച പത്രങ്ങൾ സമ്മേളന സ്ഥലത്ത് വെച്ച് തന്നെ വിതരണം തടസ്സപ്പെടുത്തി കീറിയത് വലിയ തിരിച്ചടിയായി.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2